തിരുവനന്തപുരം: ഇന്നലെ ലഭിച്ച 20 പരിശോധനാഫലവും നെഗറ്റീവായതോടെ തലസ്ഥാനത്തിന് നേരിയ ആശ്വാസം. ഇനി 148 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ പുതുതായി 1231പേർ ഇന്നലെ നിരീക്ഷണത്തിലായി. 3200 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്ന് 11 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 22 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ 3 പേരും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ 4പേരും കിംസ് ആശുപത്രിയിൽ ഒരാളും എസ്.എ.ടി ആശുപത്രിയിൽ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്. നേരെത്തെ പോസിറ്റീവായ നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. അവരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്ത് അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലും പരിശോധന

---------------------------------------------------------------

ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 1550 യാത്രക്കാരെയും സ്ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 13പേരെ റഫർ ചെയ്യുകയും 8 പേരെ കരുതൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിലെത്തിയ 55 യാത്രക്കാരെ സ്ക്രീൻ ചെ‌യ്‌തു. ഒരു വിദേശി ഉൾപ്പെടെ 5 പേരെ റഫർ ചെയ്തു.

ബോധവത്കരണം

---------------------------------

കളക്ടറേറ്റ് കൺട്രോൾ റൂമിൽ 339 കാളുകളും ദിശ കാൾ സെന്ററിൽ 8 കാളുകളുമാണ് ഇന്നലെ എത്തിയത്.
ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ കൂടി ബോധവത്കരണം നൽകുന്നു. മാനസിക പിന്തുണ ആവശ്യമായ 540പേർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന ആറുപേർ ഇന്നലെ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു.

യാത്രക്കാർക്ക് സ്ക്രീനിംഗ്

---------------------------------------------

തിരുവനന്തപുരം സെൻട്രൽ, പേട്ട, നേമം, കഴക്കൂട്ടം, കൊച്ചുവേളി, വർക്കല, പാറശാല റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ മാർഗം വരുന്നവരെയും തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ, അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം - കന്നുമാമൂട് എന്നിവിടങ്ങളിൽ ബസ് യാത്രക്കാരെയും സ്ക്രീനിംഗ് നടത്തി.

 നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -3710

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -3200

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 47

 ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ -1231