prime-minister

തിരുവനന്തപുരം: കൊറോണ ഭീതിയുടെ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പങ്കെടുത്തു. കൊറോണ വൈറസ് ഭീതിയെ നേരിടുന്നതിനായി സംസ്ഥാനം ഇതുവരെ കൈക്കൊണ്ട നടപടികൾ മുഖ്യമന്ത്രി വിശദീകരിച്ചു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങൾ നൂറിൽ നിന്ന് നൂറ്റിയമ്പത് ആക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. വേതനം കുറഞ്ഞത് 50 രൂപയെങ്കിലും വർദ്ധിപ്പിക്കണം. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്രധ നകാര്യ മന്ത്രിക്ക് മുന്നിലും അവതരിപ്പിക്കും.

മരുന്ന് മൊത്തവ്യാപാരികളുമായും കച്ചവടക്കാരുമായും സംസ്ഥാനങ്ങൾ ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. അത് നല്ല നിർദ്ദേശമാണെന്നും കേരളം ഉടൻ അവരുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചത്:
പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്ത റവന്യു കമ്മി ഗ്രാന്റിൽ 40 ശതമാനമെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളിൽ നൽകണം.

സംസ്ഥാനത്തിന്റെ വായ്പാപരിധി നാലു ശതമാനമായി ഉയർത്തണം.

വയോജനങ്ങൾ, ദരിദ്രർ, അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർ എന്നിവരുടെ വരുമാന വർദ്ധനയ്ക്ക് പദ്ധതി നടപ്പാക്കണം.

സബ്സിഡി നിരക്കിൽ ആവശ്യമുള്ള ഭക്ഷ്യധാന്യം ഉറപ്പാക്കണം.

അന്തർസംസ്ഥാന അതിർത്തികളിലൂടെ ഭക്ഷ്യ വസ്തുക്കൾ, മരുന്ന് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ സ്വതന്ത്രനീക്കം ഉറപ്പുവരുത്തണം.
കൂടുതൽ രോഗ നിർണയ ലാബുകൾ അനുവദിക്കണം.

ടൂറിസം, ഹോട്ടൽ, കയറ്റുമതി മേഖലയ്ക്കായി സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണം.

ഈ മേഖലകൾക്ക് മോറട്ടോറിയം കാലയളവിൽ വായ്പകൾക്ക് പലിശ ഒഴിവാക്കി നൽകണം.

 ചെറുകിട സൂക്ഷ്മ വായ്പകൾ കുറഞ്ഞ പലിശയ്ക്ക് നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണം.
ഭവന നിരീക്ഷണത്തിലുള്ളവർക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കണം.