ഉള്ളൂർ: മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വൃദ്ധൻ മരിച്ചു. വെഞ്ഞാറമൂട് വീട്ടിൽ മുരളി കൃഷ്ണനാണ് (74) മരിച്ചത്. രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇക്കഴിഞ്ഞ 18നാണ് ഇയാളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിക്കുകയും കൊറോണ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെ മൂന്നര മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. കൊറോണ ബാധിതനാണോ എന്ന് സ്ഥിരീകരിക്കാൻ സ്രവം പരിശോധനയ്ക്ക് അയച്ച് റിസൽട്ടിനായി കാത്തിരിക്കവേയായിരുന്നു മരണം. ഇയാൾക്ക് ലിവർ സിറോസിസ് ഉൾപ്പെടെയുള്ള ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
മൃതദേഹം കൈപ്പറ്റിയില്ല
ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ഇന്നലെ ബന്ധുക്കളാരും മെഡിക്കൽ കോളേജിൽ എത്തിയില്ലെന്ന് അധികൃതർ പറഞ്ഞു. മകനും മകളും ഐസൊലേഷൻ കേന്ദ്രത്തിലാണ്. മറ്റുബന്ധുക്കൾ എത്തിയതുമില്ല. കൊറോണ പരിശോധനാഫലം വന്ന ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമാകൂ എന്ന് അധികൃതർ പറഞ്ഞു. ഫലം പോസിറ്റീവാണെങ്കിൽ വിട്ടുകൊടുക്കില്ല. നെഗറ്റീവാണെങ്കിൽ മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തും. അതിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.