കോവളം: വിറ്റഴിക്കാത്ത ടിക്കറ്റ് വാങ്ങിയ ലോട്ടറി ഏജൻസിയിലെ ജീവനക്കാരന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി മാർട്ടിനാണ് (30) കേരളസർക്കാരിന്റെ നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. വിഴിഞ്ഞത്തെ ജെ.എം. ജെ. ലോട്ടറി ഏജൻസിയിലെ ഡി.ടി.പി ഓപ്പറേറ്ററാണ് മാർട്ടിൻ. ഇന്നലെ ജോലിക്കെത്തിയ മാർട്ടിൻ പതിവ് പോലെ മിച്ചം വന്ന ലോട്ടറികളിൽ ഒന്ന് എടുത്തു. അരമണിക്കൂറിനുള്ളിൽ ഫലം വന്നപ്പോൾ മാർട്ടിൻ എടുത്ത എൻ.പി. 861787 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞു. ബി.എസ്.സി.ഫിസിക്‌സ് ബിരുദധാരിയായ മാർട്ടിൻ മത്സ്യബന്ധത്തിന് പോയശേഷമാണ് ലോട്ടറി ഏജൻസിയിൽ ജോലിക്ക് വരാറുള്ളത്.സേവ്യറിന്റെയും മെറ്റിൽഡയുടെയും മകനാണ്.