കൊച്ചി: ''ഹലോ ഞാൻ അനിതയാണ് ( പേര് സാങ്കൽപ്പികം) ...ഞാനൊരു പുതിയ സിനിമയെടുക്കുന്നുണ്ട്. സിൽക്ക് സ്മിതയുടെ ജീവിതമാണ് കഥയാക്കുന്നത്. താങ്കളെ നായികയാക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇതേക്കുറിച്ച് പറയാനാണ് വിളിച്ചത്. കുറച്ച് ഗ്ലാമറസ് വേഷങ്ങൾ ഉണ്ട്. താത്പര്യമുണ്ടെങ്കിൽ അറിയിക്കണം.'' കൊച്ചിയിൽ കഴിഞ്ഞ ദിവസം വനിതാ സംവിധായികയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി മോഡലുകളെയും നടികളെയും വലയിലാക്കാൻ കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടിൽ വീട്ടിൽ ജെ.ദിവിൻ (32) തട്ടിപ്പിന്റെ ആദ്യ ചീട്ട് ഇറക്കുന്നത് ഇങ്ങനെയായിരുന്നു.
പിന്നെ, സിനിമയിലും സിനിമാ മേഖലയിലും ഉണ്ടാകുന്ന നേട്ടത്തേയും വിവരച്ച് മോഹന വാഗ്ദാനങ്ങൾ നൽകി കുഴിയിൽ ചാടിക്കും. ഇങ്ങനെ, വലയിൽ വീഴുന്ന യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ഇയാൾ ചെയ്തിരുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന്റെയും മൊബൈൽ ആപ്പിന്റയും ബലത്തിൽ ഫോൺകോളുകളും മെസേജും ഉപയോഗിച്ച് ദിവിൻ നിരവധിപേരെ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ 18 പേരുടെ പരാതികളാണ് പൊലീസിന് ലഭിച്ചുള്ളത്. സംവിധായിക അഞ്ജലി മേനോന്റേതുൾപ്പെടെ ഒട്ടേറെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകളാണ് ഇയാൾ തയാറാക്കിയത്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. അഭിനയമോഹം ഉള്ളവരെ ആകർഷിച്ചായിരുന്നു തട്ടിപ്പ്. ഫോൺ നമ്പർ വാങ്ങിയ ശേഷം സ്ത്രീ ശബ്ദത്തിൽ സംസാരിക്കാൻ സഹായിക്കുന്ന ആപ്പിന്റെ സഹായത്തോടെയാണ് ആശയവിനിമയം നടത്തിയിരുന്നത്. സംവിധായിക അഞ്ജലി മേനോൻ പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇതുസംബന്ധിച്ച് ചിലർ അഞ്ജലി മേനോനെ വിളിച്ചപ്പോഴാണ് സംഭവം പുറത്തു വന്നത്. നിരവധി മോഡലുകൾക്കും നടിമാർക്കും വിളികൾ ചെന്നിരുന്നു. തുടർന്ന് ഇവരിൽ പലരും തിരിച്ചു വിളിച്ചപ്പോഴാണ് നമ്പരുകൾ വ്യാജമാണെന്നു വ്യക്തമാകുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകൾ പലതും വ്യാജ വിലാസം വച്ച് എടുത്തതാണെന്നും പൊലീസിന് പറയുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾ പാലക്കാട് ഉണ്ടെന്നു മനസിലായതോടെ അവിടെയെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.