കിളിമാനൂർ: പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ഭാര്യയുമായി ദുരിതജീവിതം നയിക്കുന്ന ഇരുവൃക്കകളും തകർന്ന യുവാവിന് സഹായഹസ്തവുമായി മറ്റൊരു യുവാവ്. നഗരൂർ തോട്ടയ്ക്കാട് ചാത്തൻപാറ കൊച്ചുവിള കൃഷ്ണകൃപയിൽ മാധവൻ നായരുടെ മകൻ ജയനാ (പപ്പു) നിർദ്ധന കുടുംബത്തിന് വീടൊരുക്കുന്ന പ്രവർത്തനങ്ങൾക്കായി 3സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകിയത്. ഈ ഭൂമിയിൽ ജയനും സുഹൃത്തുക്കളും ചേർന്ന് വീടൊരുക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും കിളിമാനൂർ പുതിയകാവ് എള്ളുവിള വാടകവീട്ടിലെ താമസക്കാരനുമായ കൃഷ്ണമോഹന (38) നും കുടുംബത്തിനുമാണ് ഭൂമി വിട്ടുനല്കിയത്. ലോറി ഡ്രൈവറായിരുന്ന കൃഷ്ണ മോഹൻ കിളിമാനൂർ സ്വദേശിനിയായ നിസയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ബന്ധുക്കൾ കൈവിട്ട ഇവർ വാടകവീട്ടിലാണ്. കിളിമാനൂർ ഗവ. എൽ.പി.എസിൽ നാലാംക്ലാസിൽ പഠിക്കുന്ന വൈഷ്ണവ്, മൂന്നാംക്ലാസിൽ പഠിക്കുന്ന വൈഗ എന്നിവർ മക്കളാണ്. സന്തോഷകരമായി ജീവിതം മുന്നോട്ട് നീങ്ങവെ കൃഷ്ണമോഹന് മൂന്നുവർഷം മുമ്പ് രക്തസമ്മർദ്ദം ഉയരുകയും ഒരുകണ്ണിന്റെ കാഴ്ച നഷ്ടമാവുകയും ഒരു വൃക്ക തകരാറിലാവുകയുംചെയ്തു. കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടിയെങ്കിലും രണ്ടാമത്തെ വൃക്കയും തകരാറിലായി. ഡയാലിസിലൂടെയാണ് ജീവിതം നിലനിറുത്തുന്നത്. കുടുംബ ചെലവും ചികിത്സാ ചെലവും കുടുംബത്തെ തളർത്തി. കുഞ്ഞുങ്ങൾക്ക് തണലൊരുക്കാൻ ഒരു സെന്റ് വസ്തുവോ വീടോ ഇല്ലാത്ത അവസ്ഥയിലായിരുന്നു. കേരള കൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെ കൃഷ്ണമോഹന്റെ ദുരിതജീവിതം അറിഞ്ഞ ജയൻ, ഭൂമി നൽകാൻ മുന്നോട്ട് വരികയായിരുന്നു. വി കെയർ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് അംഗമായ ജയൻ മുൻപും കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. നഗരൂർ കോയിക്കമൂലയിലെ ഭൂമിയിൽ നിന്നാണ് 3 സെന്റ് കൃഷ്ണമോഹന്റെ കുടുംബത്തിനു നൽകുന്നത്. നഗരൂർ രജിസ്റ്റർ ഓഫീസിൽ നടന്ന ചടങ്ങിൽ ജയന്റെ ഭാര്യ സജിത, കൃഷ്ണ മോഹന്റെ ഭാര്യ നിസയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ ആധാരം കൈമാറി. കൃഷ്ണ മോഹന് ജീവിതത്തിലേക്ക് മടങ്ങിവരണമെങ്കിൽ വൃക്ക മാറ്റിവയ്ക്കണം. ഇതിന് ഇരുപത് ലക്ഷത്തോളം ചെലവാകും. കൃഷ്ണമോഹന്റെ ഭാര്യ നിസയുടെ പേരിൽ യൂണിയൻ ബാങ്ക് കിളിമാനൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 686302010005780 IFSC codu UBIN0568635.ഫോൺ: 9747141410.