തിരുവനന്തപുരം: കൊറോണ ജാഗ്രത ശക്തമായതോടെ നഗരത്തിലും റോഡുകളിലും ആളൊഴിയുകയാണ്. പ്രതിരോധത്തിന്റെ മൂന്നാംഘട്ടമെത്തിയതോടെ അനാവശ്യമായി പുറത്തിറങ്ങുന്നത് പലരും നിറുത്തി. ഇന്ന് നടക്കുന്ന ജനതാ കർഫ്യൂവിന്റെ മുന്നാെരുക്കമെന്നോണം ഭക്ഷണസാധനങ്ങളും മറ്രും വാങ്ങാൻ ആളുകളെത്തിയെങ്കിലും പലരും നേരത്തെ തന്നെ വീടുകളിലേക്ക് മടങ്ങി. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും തിരക്ക് തീരെയില്ല. സ്വകാര്യ ബസുകളിലും യാത്രക്കാർ വൻ തോതിൽ കുറഞ്ഞിട്ടുണ്ട്. പലരും ഒഴിവാക്കാനാവാത്ത യാത്രകൾ മാത്രമാണ് നടത്തുന്നത്. ആൾക്കൂട്ടങ്ങളും പൊതുപരിപാടികളും ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം നഗരത്തിൽ പാലിക്കപ്പെടുന്നുണ്ട്. മാർക്കറ്റിലും ഹോട്ടലിലും റസ്റ്റോറന്റിലുമൊക്കെ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ആളുകൾ നഗരത്തിലേക്ക് കാര്യമായി എത്താത്തത് കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും ബേക്കറിയിലും കച്ചവടം പകുതിയിലും താഴെയായി. നഗരസഭയിലെ മിക്ക വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ കൈ കഴുകാൻ കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫ്ലാറ്റുകളുടെ മുന്നിലും കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്.