kappamvila-kidathichira-k

കല്ലമ്പലം: കപ്പാംവിള - കിടത്തിച്ചിറ റോഡ്‌ തകർന്നു. നാട്ടുകാർക്കെന്നും ദുരിതം മാത്രം സമ്മാനിക്കുന്ന റോഡിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം കിടത്തിച്ചിറ ക്ഷേത്രത്തിൽ ദർശനം കണ്ടു മടങ്ങിയ ദമ്പതികൾ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതാണ് ഒടുവിലെ സംഭവം.

കഴിഞ്ഞ മഴക്കാലത്ത്‌ പ്രദേശവാസികളായ പത്തോളം കാൽനടയാത്രികർക്ക് വീണ് പരിക്കേറ്റിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും വൃദ്ധരായിരുന്നു. സ്കൂൾ ബസുകളടക്കം നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ശോചനീയവസ്ഥയെ പറ്റി നിരവധി തവണ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. മഴക്കാലമായാൽ സ്കൂൾ ബസുകൾ ഇതു വഴി വരാതാകും. പത്രം, പാൽ, മത്സ്യം വിതരണവും മുടങ്ങും. നൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എട്ടാം വാർഡിലെയും, പത്താം വാർഡിലെയും പഞ്ചായത്തംഗങ്ങളുടെ നിസഹകരണമാണ് റോഡ്‌ ഈ നിലയിലാകാ൯ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കുത്തനെയുള്ള റോഡിൽ വ൯ കുഴികളും ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ ക്ഷേത്രത്തിൽ വന്ന് പോകുന്ന ഭക്തർക്കും റോഡ്‌ ദുരിതം സമ്മാനിക്കുന്നു. കുടവൂർ ഏലായിൽ കൃഷിക്ക് ആവശ്യമായ ട്രാക്ടറും, കൊയ്ത്ത് മെതി യന്ത്രങ്ങളും, വളങ്ങളും മറ്റും എത്തിക്കുന്നതിനും റോഡിന്റെ തകർച്ച ബുദ്ധിമുട്ടുണ്ടാക്കുന്നു.