മടത്തറ: കൊല്ലം, തിരുവനന്തപുരം ജില്ലകലുടെ അതിർത്തി പ്രദേശമാണ് മടത്തറ. ഇവിടെ വാനരന്മാരുടെ ശല്യം രൂക്ഷമാകുന്നതായാണ് നാട്ടുകാരുടെ പരാതി. ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിലെ വനാതിർത്തിയാണ് ഇവരുടെ പ്രധാന വിഹാര കേന്ദ്രം. ഇവറ്റകളുടെ ശല്യം കാരണം പല കർഷകരും കൃഷി ഉപേക്ഷിച്ച മട്ടാണ്. ഇവിടെ വാനരന്മാർ താണ്ഡവമാടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വാനരന്മാർ കാട്ടിക്കൂട്ടുന്ന വിക്രീയകൾ കാരണം പൊറുതിമുട്ടി ഇരിക്കുകയാണ് പ്രദേശവാസികൾ. കുരങ്ങുകളുടെ ശല്യം കാരണം ഇവയെ ഓടിക്കാൻ ശ്രമിച്ച നിരവധി പേരെ വാനരന്മാർ തിരിച്ച് അക്രമിക്കുന്നത് പതിവ് കാഴ്ചയാണ്. സ്കൂൾവിദ്യാർത്ഥികളും സ്ത്രീകളും പ്രായം ചെന്നവരും എല്ലാം ഇവറ്റകളുടെ അക്രമം കാരണം പേടിച്ചാണ് വഴി നടക്കുന്നത്.

വനമേഖലയിൽ നിന്നുള്ള കുരങ്ങൻമാരുടെ ശല്യം രൂക്ഷമായ ഇവിടെ വാഹനങ്ങളിൽ വാനരന്മാരകൊണ്ടിറക്കിവിട്ടതായി നാട്ടുകാർ പറയുന്നു. മടത്തറ-മേലേമുക്ക് റോഡിൽ രാത്രികാലങ്ങളിലാണ് അനവധി തവണ വാനരന്മാരെ കൊണ്ടിറക്കി വിട്ടത്. ഇവ പകൽസമയത്തുപോലും വീടുകളിൽ കയറി ഭക്ഷ്യവസ്തുക്കൾ മോഷ്ടിക്കുകയും പതിവാണ്. പ്രദേശത്തെ റബർ തോട്ടങ്ങളിലാണ് വാനരന്മാരുടെ താമസം. കാട്ടിലെ ചുട്ടുപൊള്ളുന്ന ചൂടും വേണ്ടത്ര ഭക്ഷണ കിട്ടാത്തതും, വെള്ളത്തിന്റെ കുറവും എല്ലാമാണ് കാട് വിട്ട് വാനരന്മാർ നാട്ടിലേക്ക് ചേക്കേറാൻ കാരണമെന്നാണ് വനപാലകർ പറയുന്നത്.