sanitizer

വാഷിംഗ്ടൺ: തൽക്കാലം മദ്യം വേണ്ട,സാനിറ്റൈസറുകൾ മതി. യൂറോപ്പിലെ മദ്യനിർമാണശാലകളാണ് ഇൗ തീരുമാനമെടുത്തിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മദ്യത്തിനുപകരം സാനിറ്റൈസറുകൾ നിർമ്മിക്കാനാണ് അവരുടെ തീരുമാനം. കൊറോണ യൂറോപ്പിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൈകൾ ശുചീകരിക്കാൻ ആവശ്യമായ സാനിറ്റൈസറുകളുടെ ആവശ്യം വർദ്ധിക്കുകയും ആവശ്യത്തിന് ലഭ്യമല്ലാതാകുകയും ചെയ്തതോടെയാണ് കമ്പനികൾ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.


ബ്ര്യൂഡോഗ്, ലെയ്ത്ത് ജിൻ, വെർഡന്റ് സ്പിരിറ്റ്‌സ്, പെർനോഡ് റിക്കാർഡ് തുടങ്ങിയ പ്രശസ്ത മദ്യനിർമാണക്കമ്പനികളാണ് സാനിറ്റൈസറുകളുടെ നിർമ്മാണം വൻ തോതിൽ ആരംഭിച്ചത്. ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. സാനിറ്റൈസറുകർ നിറയ്ക്കുന്നതിനുള്ള കുപ്പികൾ സംഭാവനയായി നൽകാനും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഫ്രാൻസിലെ പെർനോഡ് റിക്കാർഡ് എന്ന കമ്പനി സാനിറ്റൈസർ നിർമാണത്തിനായി 70,000 ലിറ്റർ ആൾക്കഹോൾ സംഭാവന നൽകി.
മദ്യനിർമ്മാണ് ശാലകൾക്കൊപ്പം സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമിക്കുന്ന കമ്പനികളും സാനിറ്റൈസറുകളുടെ നിമ്മാണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇവ സൗജന്യമായി അധികൃതർക്ക് നൽകാനാണ് കമ്പനികളുടെ തീരുമാനം. കൊറോണ പടർന്നുപിടിക്കുന്നത് മദ്യകമ്പനികളുടെയും സൗന്ദര്യവർദ്ധക വസ്തുനിർമ്മാണ കമ്പനികളുടെയും വരുമാനത്തിൽ വൻ തോതിൽ ഇടിവുണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് തൽക്കാലം ആലോചിക്കേണ്ടെന്നാണ് കമ്പനികളുടെ തീരുമാനം.