corona-

തിരുവനന്തപുരം: കൊറോണ വൈറസ് സംബന്ധിച്ച് സംസ്ഥാനത്തെ വൈറോളജി ലാബുകളിൽ നടക്കുന്നത് രാപ്പകലില്ലാത്ത നിരന്തര പരിശോധന. ആഹാരം ഉപേക്ഷിച്ചും ഉറങ്ങാതെയും 24 മണിക്കൂറും കർമ്മനിരതരായി സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരാണ് വൈറോളജി ലാബുകളിലുള്ളത്. കോറോണ സ്ഥിരീകരണം സാമ്പിൾ പരിശോധനയിലൂടെയാണ് നടക്കുന്നത് എന്നതിനാൽ, സൂക്ഷ്മമായ പരിശോധനയാണ് ലാബുകളിൽ നടക്കുന്നത്. സംസ്ഥാനത്ത് പരിശോധനയ്ക്ക് അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാൽ, കാലതാമസംകൂടാതെ അതെല്ലാം പരിശോധിച്ച് ഫലം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ലാബുകളിലെ ജീവനക്കാർ.

ഏഴ് ലാബുകൾ

കേരളത്തിൽ ഏഴ് ലാബുകളിലായാണ് കൊറോണ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒരു ലാബിൽ ദിനംപ്രതി 150 സാമ്പിളുകളാണ് പരിശോധനയ്ക്കെടുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ 'ഫ്ളാഷി'നോട് പറഞ്ഞു. ചില ദിവസങ്ങളിൽ ഇത് ഇരുന്നൂറ് വരെ എത്തിയേക്കാം. ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ ആയിരുന്നു ആരംഭഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നത്. മാർച്ച് 10ന് കോഴിക്കോട് മെഡിക്കൽ കോളജിലും മാർച്ച് 11ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും (വൈറസ് റിസർച്ച് ആന്റ് ഡയഗ്‌നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു.

മാർച്ച് 16ന് തൃശൂർ മെഡിക്കൽ കോളജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള നടപടികൾ ആരംഭിച്ചു. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്, പബ്ളിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കും കഴി‌ഞ്ഞ ദിവസം പരിശോധനയ്ക്കുള്ള അനുമതി നൽകിയിരുന്നു. വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന പരിശോധനയിൽ ഒരു സമയം തൊണ്ണൂറ് സാമ്പിളുകൾ വരെ പരിശോധിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

നിലവിൽ മുപ്പതോളം സാമ്പിളുകളാണ് ഒരുമിച്ച് പരിശോധിക്കുന്നത്. ഒരു പരിശോധനാഫലം പുറത്തുവരാൻ കുറഞ്ഞത് മൂന്ന് ദിവസമെടുക്കും. ചിലപ്പോൾ ഇത് അഞ്ച് ദിവസം മുതൽ ഏഴ് ദിവസം വരെ പോയേക്കാം. ആറ് ലാബുകളിലും സംശയം തോന്നുന്ന പരിശോധനാ ഫലങ്ങൾ അന്തിമമായി സ്ഥിരീകരണം നടത്തുന്നത് ആലപ്പുഴ വൈറേളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിലാണ്. സാമ്പിളുകളുടെ എണ്ണം കൂടിയാൽ കേരളത്തിൽ സ്വകാര്യ ലാബുകളിൽ കൂടി പരിശോധനയ്ക്ക് സൗകര്യമൊരുക്കിയേക്കും. ഏതൊക്കെ ലാബുകളിൽ ഇതാവാം എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇതിന്റെ പട്ടിക തയാറാക്കി സർക്കാർ അംഗീകരിക്കണം. എന്നാൽ, കൂടുതൽ അടിയന്തര സാഹചര്യത്തിൽ മാത്രമാവും ഇതിനുള്ള നടപടി സ്വീകരിക്കുക എന്നാണ് അധികൃതർ പറയുന്നത്.

പരിശോധന ഇങ്ങനെ

രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ സ്വാബ് ഉപയോഗിച്ച് വൈറൽ ട്രാൻസ്‌‌പോർട്ട് മീഡയത്തിലാണ് (വി.ടി.എം) ശേഖരിക്കുന്നത്. ഇതിനെ ട്രിപ്പിൾ ലെയർ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതിൽ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐ.ഡി നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തും. ഇതിനോടൊപ്പം രോഗവിവരവും യാത്രാവിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂർണ മേൽവിലാസവും ഫോൺനമ്പരും എന്നിവ നൽകണം. തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയയ്ക്കുന്നതെങ്കിൽ ട്രിപ്പിൾ ലയർ പാക്കിംഗാണ് ഉപയോഗിക്കുന്നത്. പൂനെ വൈറോളജി ലാബിലോ മറ്റോയുള്ള വിദൂര സ്ഥലത്താണ് അയയ്ക്കുന്നതെങ്കിൽ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെർമ്മോക്കോൾ ബോക്സിലാണ് അയയ്ക്കുന്നത്.

വൈറോളജി ലാബിലെത്തിയാൽ ഉടൻ ഈ സാമ്പിളുകൾ ഫ്രീസറിലേക്ക് മാറ്റും. കൂടുതൽ ദിവസം സാമ്പിൾ സൂക്ഷിക്കുന്നെങ്കിൽ 80 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും. രണ്ട് തരം പരിശോധനകളിലൂടെയാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇ-ജീൻ പരിശോധനകൾക്കായുള്ള റിയൽ ടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്റ്റേഴ്സ് പി.സി.ആർ എന്ന മോളിക്യുലാർ പരിശോധനയാണ് ആദ്യം നടത്തുന്നത്. എൻ.ഐ.വി പൂനയിൽ നിന്ന് ലഭിക്കുന്ന റീയേജന്റ് കിറ്റ് ഉപയോഗിച്ചാണ് ഈ പരിശോധന. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളിൽ നിന്ന് ആർ.എൻ.എയെ വേർതിരിക്കുന്നു. ഈ പ്രക്രിയയ്ക്ക് നാല് മണിക്കൂർ വരെ വേണം. ഒടുവിൽ ആർ.എൻ.ഐ റിയൽ ടൈം പി.സി.ആർ മെഷീനിൽ വയ്ക്കുന്നു. ഈ മെഷീനിലൂടെ രണ്ടു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും.