palode

പാലോട്: കൊറോണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലോട് ജനമൈത്രി പൊലീസ്, കുടുംബശ്രീ കൾ, വിവിധ റസിഡൻസ് അസോസിയേഷനുകൾ, ആരോഗ്യ വിദഗ്ധർ, സന്നദ്ധ സംഘാനകൾ എന്നിവരുടെ സഹകരണത്തോടെ ഹാൻഡ് വാഷ് കോർണറുകൾ പൊതുജനങ്ങൾക്കായി സ്ഥാപിച്ചു. കള്ളിപ്പാറ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സും ഹാൻഡ് വാഷ് കോർണറും ചടച്ചി കരിക്കകം ജംഗ്ഷനിൽ പാലോട് സി.ഐ സി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. പാലോട് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോക്ടർ ജോർജ് മാത്യു ബോധവത്കരണം നടത്തി. വി.എൽ. രാജീവ്, വിക്ടർ തോമസ്, സ്പർശം പാലിയേറ്റീവ് കെയർ സെക്രട്ടറി എസ്.എസ്. ബാലു എന്നിവർ സംബന്ധിച്ചു. പവ്വത്തൂർ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഭവന സന്ദർശനം, നോട്ടീസ് വിതരണം, സോപ്പ് വിതരണം എന്നിവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എൻ ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ സെക്രട്ടറി ഹണി കുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. പച്ച വാർഡിലെ തൊഴിലുറപ്പ് സ്ഥലങ്ങളിൽ നടന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് മെമ്പർ നന്ദിയോട് സതീശൻ നേതൃത്വം നൽകി. അനിത, അഹല്യ, രാഖി തുടങ്ങിയവർ ക്ലാസ്സ് എടുത്തു. സൗജന്യമായി ഹാൻഡ് വാഷ് വിതരണം ചെയ്തു. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ എല്ലാ പൊതുസ്ഥലങ്ങളിലും ഹാൻഡ് വാഷ് കോർണറുകൾ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്ത്വത്തിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.