അഭിമാനകരമായ നേട്ടങ്ങളിലൂടെ ശാസ്ത്രം ആഗോള തലത്തിൽ വലിയ മുന്നേറ്റങ്ങളിലേക്ക് കുതിക്കുമ്പോഴും 'കൊറോണ" എന്ന സംക്രമണ സ്വഭാവമുള്ള ഒരു മഹാമാരിക്ക് മുമ്പിൽ ലോകം ഇന്ന് പകച്ചുനില്ക്കുകയാണ്. ദുഃഖങ്ങളിലും ദുരിതങ്ങളിലും മനുഷ്യന് സ്വസ്ഥമായി തലചായ്ക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമാകുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഒരു വലിയ ദുരന്തത്തെ മറികടക്കാനുള്ള പ്രയത്നത്തിലാണ് നാം.
ശക്തമായ പ്രതിരോധം സൃഷ്ടിക്കാനുള്ള ബാദ്ധ്യതയാണ് കേരളം ഏറ്റെടുത്തിരിക്കുന്നത്. വ്യക്തിശുചിത്വമടക്കമുള്ള പ്രതിരോധ വഴികളിൽ സർക്കാർ നിർദ്ദേശത്തോടൊപ്പം ഒരേ മനസോടെ നിലകൊള്ളുക തന്നെ വേണം. ആരോഗ്യ പ്രവർത്തകരുടെ ജാഗ്രതയോടെയുള്ള പരിശ്രമങ്ങൾ ത്യാഗനിർഭരമായ ഒരു ജീവിത മാതൃക കൂടിയാണ്.
മനുഷ്യദുരന്തങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും രാഷ്ട്രീയാതിപ്രസരം കടത്തിവിടാതിരിക്കാനുള്ള നീതിബോധവും സാംസ്കാരിക മഹിമയും കേരളീയർക്കുണ്ടായിരുന്നു. ദുരിതങ്ങളിലും ദുഃഖങ്ങളിലും അവർ രാഷ്ട്രീയം മറന്ന് കൈകോർത്ത് പിടിക്കുമായിരുന്നു. ഹൃദയപൂർവമായ സ്നേഹസമാഗമങ്ങളിലൂടെ പരിഹാരമാർഗങ്ങൾ തേടുമായിരുന്നു. അതൊരു കഴിഞ്ഞ കാല മഹിമയായി മാറിക്കഴിഞ്ഞുവെന്ന സംശയമുണർത്തുന്ന സാഹചര്യങ്ങൾക്ക് ചിലപ്പോഴെങ്കിലും നാം സാക്ഷ്യം വഹിക്കുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി വലിയ ജാഗരൂകത പാലിക്കേണ്ട ഈ അവസരത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു ചേർന്ന് നടത്തിയ ജാഗ്രതാ നിർദ്ദേശം ഒരു ശുഭസൂചന തന്നെയാണ്. ഭയവും ആശങ്കയും അകറ്റി സമൂഹത്തിന് സുരക്ഷിതത്വ ബോ
ധം ഉറപ്പുനൽകേണ്ട അവസരം കൂടിയാണിത്.
ദുരന്തങ്ങളിൽ നിന്ന് രാഷ്ട്രീയത്തെ മാറ്റിനിറുത്താനുള്ള സാമാന്യ മര്യാദ കേരളീയർ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. രാഷ്ട്രീയ താത്‌പര്യങ്ങൾ നമ്മുടെ ഹൃദയബുദ്ധികളെ സങ്കുചിതമാക്കാൻ അനുവദിച്ചുകൂടാ. രാഷ്ട്രീയത്തിന് അപൂർവം ചിലയിടങ്ങളിലെങ്കിലും ലക്ഷ്മണരേഖ വരയ്ക്കേണ്ടതുണ്ട്.
ജനാധിപത്യത്തിൽ ഭരണ പ്രതിപക്ഷാവസ്ഥകൾ മാറിമറിയുന്ന രണ്ടവസ്ഥകളാണ്. എല്ലാവർക്കും സ്വീകാര്യമായ പൊതുമര്യാദ ദീക്ഷിക്കാനാവണം. മനുഷ്യദുരന്തങ്ങളെ അതിജീവിക്കാനുള്ള കർമ്മപരിപാടികളിൽ ഒരുമിക്കുക മാത്രമല്ല അത് ഒഴിവാക്കാനുള്ള അന്തരീക്ഷ സൃഷ്ടിയിൽ മുഴുവൻ ശ്രദ്ധയും അർപ്പിക്കേണ്ടതുമുണ്ട്.