പാലോട്: ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ ആരോഗ്യ പ്രവർത്തകരുടെയും പൊലിസിന്റെയും ആവർത്തിച്ചിട്ടുളള നിർദ്ദേശങ്ങൾ ലംഘിച്ച് കറങ്ങി നടന്ന പ്രവാസിക്കെതിരെ പാലോട് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പെരിങ്ങമല സ്വദേശിക്കെതിരെയാണ് കേസ് എടുത്തത്. ഈ മാസം 11ന് യു.എ.ഇ യിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. എന്നാൽ ഇന്നലെ ഇയാൾ കൂട്ടുകാരോടൊപ്പം പാലോട് പി.ഡബ്ളി.ഡി ഓഫീസിന് സമീപം കണ്ടു. തുടർന്ന് പൊലിസ് തടഞ്ഞ് വച്ച് പെരിങ്ങമ്മല മെഡിക്കൽ ഓഫിസറെ അറിയിച്ചു. മെഡിക്കൽ ടീമിന്റെ നിർദ്ദേശ പ്രകാരം വീട്ടിൽ എത്തിച്ച് ബന്ധുക്കളെ ഏല്പിച്ച് നിരീക്ഷണത്തിൽ പാർപ്പിക്കാൻ നിർദ്ദേശം നൽകി. രോഗവ്യാപനം തടയുന്നതിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്റ്ററുടെ കർശന ഉത്തരവ് നിലവിലിരിക്കെ അത് ലംഘിച്ചതിന് ജില്ലാ പൊലിസ് മേധാവി ബി. അശോകൻ ഐ.പി.എസിന്റെ നിർദേശ പ്രകാരമാണ് കേസ് ചാർജ്ജ് ചെയ്തത്. കൂടാതെ ഇയാളുടെ പാസ്‌പോർട്ട് കണ്ടുകെട്ടാനുള്ള നടപടികൾ കൂടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെയും പാലോട് പൊലീസിന്റെയും സംയുക്ത ടീം ഇന്നലെ മുതൽ നിരീക്ഷണത്തിലുള്ള എല്ലാ ആൾക്കാരുടെയും വീടുകളിൽ നേരിട്ടു ചെന്ന് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നോ എന്നു ഉറപ്പു വരുത്തുന്നുണ്ട്. വിഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പാലോട് സർക്കിൾ ഇൻസ്പെക്ടർ സി.കെ. മനോജ് അറിയിച്ചു.