corona-

കൊറോണ രോഗലക്ഷണങ്ങൾ മറച്ചുവച്ചുകൊണ്ട് രോഗം പടരാൻ കാരണക്കാരാവുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടിവന്നേക്കും. രോഗം സുഖപ്പെട്ട ശേഷമാണ് പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരിക. കേരള പബ്ലിക് ഹെൽത്ത് ആക്ട്, ഇന്ത്യൻ ശിക്ഷാനിയമം, കേരള പൊലീസ് ആക്ട് തുടങ്ങിയ നിയമങ്ങളിലെ വകുപ്പുകൾ അനുസരിച്ചാവും കേസുകൾ. മൂന്നുവർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്താം.

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 269-ാം വകുപ്പ് ജീവന് അപായകരമായ ഏതെങ്കിലും രോഗത്തിന്റെ പകർച്ച വ്യാപിപ്പിക്കാൻ ഇടയുള്ളതെന്ന് അറിയാവുന്ന ഏതെങ്കിലും കൃത്യം ഉപേക്ഷാപൂർവം ചെയ്യുന്നത് കുറ്റകരമാണെന്ന് പറയുന്നു. അതായത് പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപകർച്ചയ്ക്ക് ഇടയാകും വിധം അശ്രദ്ധയോടെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്താൽ ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാകും. 6 മാസത്തെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഈ കുറ്റകൃത്യത്തിന് ശിക്ഷയായി ലഭിക്കുക. രാജിയാക്കാൻ ആകാത്ത ഒരു കുറ്റമാണ് ഈ വകുപ്പ് പ്രകാരം ചുമത്തപ്പെടുന്നത്. ഈ കേസുകളുടെ വിചാരണ നടക്കുന്നത് മജിസ്ട്രേട്ട് കോടതികളിലാണ്. ഈ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് ജാമ്യം ലഭിക്കും. കേരള പൊലീസ് നിയമം അനുസരിച്ചും ഈ കുറ്റകൃത്യത്തിന് കേസെടുക്കാം. ഈ നിയമത്തിന്റെ 118-ാം വകുപ്പിന്റെ (ഇ) ഉപവകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് അപായം ഉണ്ടാക്കുന്നതോ പൊതുസുരക്ഷയിൽ വീഴ്ച ഉണ്ടാക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നത് കുറ്റകരമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. മൂന്നുവർഷം വരെ തടവും 10,000 രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ആണ് ഈ കുറ്റത്തിന് പൊലീസ് ആക്ട് പ്രകാരം ലഭിക്കുന്ന ശിക്ഷ. ഈ കുറ്റം ചുമത്തി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ജാമ്യം ലഭിക്കും. മജിസ്ട്രേട്ട് കോടതികളാണ് വിചാരണ നടത്തി ശിക്ഷ വിധിക്കുന്നത്.

കേരള പൊതുജനാരോഗ്യ സംരക്ഷണ നിയമം അനുസരിച്ചും ഈ കുറ്റം ചെയ്യുന്ന ആളിനെ നിയമ നടപടിക്ക് വിധേയനാക്കാം. ഈ നിയമത്തിന്റെ 71, 72, 73 വകുപ്പുകൾ ഇത് സംബന്ധിച്ചുള്ളതാണ്. സ്വന്തം സാന്നിദ്ധ്യം മറ്റുള്ളവരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് അറിഞ്ഞുകൊണ്ട് ബോധപൂർവം പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പെരുമാറുക, പൊതുസ്ഥലങ്ങൾ സന്ദർശിച്ച് രോഗപകർച്ചയ്ക്ക് കാരണമാകുക തുടങ്ങിയവയാണ് ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ. ഇങ്ങനെയുള്ളവരെ നിയമപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് നീക്കാനും ഈ വകുപ്പുകൾ അധികാരികൾക്ക് അനുവാദം നൽകുന്നുണ്ട്. ഈ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റത്തിന് മൂന്നുമാസം വരെ തടവും 1000 രൂപ പിഴയുമാണ് ശിക്ഷ.

രോഗപകർച്ച തടയാൻ ആശുപത്രികളിലോ, വീടുകളിലോ ഐസൊലേഷൻ വാർഡുകളിലോ ക്വാറന്റീനിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർ പുറത്തുപോകുന്നത് കുറ്റകരമാണ്. ഈ വൈറസ് ബാധയുള്ള രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചുവന്ന് 28 ദിവസം വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർ അത് ലംഘിച്ചാലും ഈ നിയമപ്രകാരം കേസെടുക്കും. നിരീക്ഷണത്തിലുള്ളവർ പുറത്ത് ചുറ്റിക്കറങ്ങുന്നതിന്റെ മൊബൈൽ ദൃശ്യങ്ങളും കേസിൽ തെളിവായി സ്വീകരിക്കും. ഈ രോഗവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ച് പൊതുസമാധാനത്തിന് എതിരായി വ്യാജ പ്രസ്താവന, കിംവദന്തി മുതലായവ പ്രചരിപ്പിച്ചാലും ഇന്ത്യൻ ശിക്ഷാ നിയമം 505-ാം വകുപ്പ് അനുസരിച്ച് കേസെടുക്കും. മൂന്നുവർഷത്തെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഈ കുറ്റത്തിനുള്ള ശിക്ഷ. രാജിയാക്കാനാകാത്തതും ജാമ്യം ലഭിക്കാത്തതുമാണ് ഇത്തരം കേസുകൾ. അതുകൊണ്ട് കരുതിയിരിക്കുക; രോഗം പകർത്താതിരിക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനും.

(കേരള ഹൈക്കോടതിയിലെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെയും ഗവൺമെന്റ് പ്ളീഡർ ആയിരുന്നു ലേഖകൻ)

ഫോൺ: 9446703707.