നെയ്യാറ്റിൻകര: നഗരമദ്ധ്യത്തിൽ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നിർമ്മാണം ആരംഭിച്ച കരിയിൽ കൃഷ്ണപിള്ള സ്മാരക മിനി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പാതി വഴിയിൽ നിലച്ചതായി പരാതി. ഇതിന് സമീപത്തിയാ മുൻപ് നിർമ്മിച്ച നഗരസഭാ വക അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് നേരാം വണ്ണം സംരക്ഷിക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിൽ സാധനം വാങ്ങാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സ്ഥല സൗകര്യമില്ലെന്ന പരാതി നിലനിൽക്കെയാണ് വീണ്ടും പുതിയ മിനി ഷോപ്പിംഗ് കൂടി നിർമ്മാണം ആരംഭിച്ചത്. 38 കടകളുള്ള മൂന്നു നില മിനി ഷോപ്പിംഗ് ക്ലോംപ്ലക്സ് കെട്ടിടത്തിന് മൊത്തം 3 കോടി 75 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചെലവായി ഉദ്ദേശിച്ചത്. നാലര വർഷം മുൻുപാണ് നിർമ്മാണത്തിനായുള്ള ടെൻണ്ടർ ക്ഷണിച്ചത്. പകുതി പണി പൂർത്തിയായിട്ടും കരാറുകാരന് തുക മുഴുവൻ നൽകാതായതോടെ പണി പാതി വഴിയിലായി. കെട്ടിടത്തിൽ പൂർത്തിയാക്കിയ പണികൾക്കുള്ള 2 കോടിയുടെ ബിൽ ഇതുവരെ മാറി കിട്ടിയിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി പെട്ടെന്ന് പണി തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമത്രേ. എന്നിരുന്നാലും ഈ ഭരണ സമിതി നഗരസഭാ വക തനത് ഫണ്ടിൽ കരിയിൽ കൃഷ്ണപിള്ള സ്മാരക ഷോപ്പിംഗ് കോംപ്ലക്സിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെട്ടിടം പണിയുടെ അപാകത വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷോപ്പിംഗ് കോംപ്ലക്സിൽ റീത്ത് വച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
നിലവിലെ കോംപ്ലക്സിന് പോലും മതിയായ വാഹന പാർക്കിംഗ് സൗകര്യമില്ലാതിരുന്നാൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരം കുറയുമെന്നും വ്യാപാരികൾ പറയുന്നു. മാത്രല്ല വാഹന പാർക്കിംഗ് സൗകര്യത്തോടെയുള്ള കെട്ടിട നിർമ്മാണ പ്ലാൻ നൽകിയിട്ട് ഇടുങ്ങിയ സ്ഥലത്ത് തെറ്റായ രീതിയിൽ പണി തുടങ്ങിയതനാലാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കാത്തതെന്നും ആരോപണമുണ്ട്.
ഷോപ്പിംഗ് കോംപ്ലക്സ് പണി പൂർത്തിയാൽ ഇരു ചക്രവാഹനങ്ങൾക്ക് പോലും ഈ പരിസരത്തേക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതി വരുമെന്ന് നാട്ടുകാർ പറയുന്നു.