saudi

തിരുവനന്തപുരം : മഹാമാരിയായ കൊറോണ വൈറസിന് ചെറുപ്പക്കാരുടെ ജീവനെടുക്കാനും കഴിവുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് സമൂഹം ഒന്നാകെ ജാഗ്രതപാലിക്കണമെന്ന സന്ദേശമാണ് നൽകുന്നത്.

പ്രായം നോക്കിയല്ല കൊറോണ മനുഷ്യ ജീവനെടുക്കുന്നത്. അതുകൊണ്ടാണ് ചെറുപ്പക്കാരുടെ ജീവനും കൊറോണ ഭീഷണിയായി മാറുന്നത്. രോഗപ്രതിരോധ ശേഷിക്ക് മുന്നിൽ മാത്രമേ കൊറോണ തോൽക്കൂ. രോഗപ്രതിരോധ ശേഷി കുറവുള്ള നല്ലൊരു ശതമാനം ചെറുപ്പാക്കാർ സമൂഹത്തിലുണ്ട്.

സാധാരണനിലയിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ ഇത്തരത്തിൽ മരണ സാദ്ധ്യതയുണ്ട്. എന്നാൽ പ്രായമായവരിൽ 15 ശതമാനം വരെയും മരണസാദ്ധ്യത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലമുണ്ടാകുന്ന നേരിയ മരണ സാദ്ധ്യതകൾ പോലും മനുഷ്യരാശിക്ക് വിപത്താണെന്ന സത്യം മുന്നിലുള്ളപ്പോഴാണ് കൊറോണ ജീവനെടുക്കാനുള്ള സാദ്ധ്യത ഇത്ര മാത്രം ഉള്ളത്.

വൈറസ് എത്തിക്കഴിഞ്ഞാൽ ശരീരം എത്രമാത്രം പ്രതിരോധം തീർക്കുന്നു എന്നതാണ് പ്രധാനം. ശക്തമായ രോഗപ്രതിരോധ ശേഷിയുണ്ടെങ്കിൽ വൈറസ് വളരെ വേഗം ശരീരം വിട്ടുപോകും. അല്ലാത്തപക്ഷം അവയ്ക്ക് നമ്മളെ കീഴ്പ്പെടുത്താനുള്ള വേഗതകൂടും. അങ്ങനെയെങ്കിൽ ശരീരകോശങ്ങളുടെ പ്രവർത്തനം പോലും വൈറസ് നിയന്ത്രിക്കുന്ന തരത്തിലേക്ക് മാറും. കൊറോണ വൈറസ് ബാധിച്ചായാൾ രോഗമുക്തി നേടുന്നത് മരുന്നുകൊണ്ടല്ല ശരീരത്തിൽ നടക്കുന്ന പ്രതിരോധപ്രവർത്തനങ്ങളുടെ ഫലമാണെന്ന യഥാർത്ഥ്യവും മനസിലാക്കണം.രോഗിക്കുണ്ടാക്കുന്ന ചില ബുദ്ധിമുട്ടുകൾക്കുള്ള പരിഹാര മാർഗം മാത്രമാണ് മരുന്നുകൾ . കേരളീയർക്ക് രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ കൊറോണയ്ക്ക് വരും ദിവസങ്ങളിൽ നമ്മുടെ സമൂഹത്തിൽ എത്രത്തോളം വ്യാപിക്കാൻ കഴിയുമെന്നതിൽ സംശയമുണ്ട്. അപ്പോഴും വൈറസിനെ നിസാരമായി കാണുന്നത് അബദ്ധധാരണയാണ്. ഇപ്പോൾ വൈറസ് ബാധിച്ചവർ വിദേശത്ത് നിന്നെത്തിയവരും അവരുമായി അടുത്ത് ഇടപഴകിയവരുമാണ്. വൈറസ് ബാധിതരുമായി നേരിട്ടല്ലാതെ സെക്കൻഡറി തലത്തിൽ ബന്ധപ്പെട്ട പലർക്കും ഫലം നെഗറ്റീവായി എന്നതും നമുക്ക് ആശ്വാസകരമാണ്. നിലവിൽ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ വളരെ കൃത്യമാണ്. വിദേശത്ത് നിന്നെത്തുന്നവർ ആരോഗ്യവകുപ്പിന്റെ കണ്ണുവെട്ടിക്കരുത്. അവരുമായി അടുത്ത് ഇടപഴകാൻ ആരും ശ്രമിക്കരുത്. കൈ വൃത്തിയായി സൂക്ഷിക്കാൻ ഓരോ നിമിഷവും ശ്രദ്ധിക്കണം തുടങ്ങിയ നിർദേശങ്ങൾ പാലിച്ചാൽ മാത്രം മതി കൊറോണയെ നിഷ് പ്രയാസം നമുക്ക് തുരത്താൻ സാധിക്കും.