തിരുവനന്തപുരം: കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ ആശുപത്രികളിലും തിരക്ക് കുറഞ്ഞു. പ്രധാന ആശുപത്രികളായ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി,ശ്രീചിത്ര,ആർ.സി.സി എന്നിവിടങ്ങളിൽ ഒ.പി കാര്യമായി കുറഞ്ഞു. കിടത്തി ചികിത്സയിലും കുറവുണ്ട്. സന്ദർശകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഒരു രോഗിക്ക് കൂട്ടിരിക്കാൻ ഒരാൾ മാത്രം മതിയെന്നാണ് നിർദ്ദേശം.
കൊറോണയുടെ പശ്ചാത്തലത്തിൽ ഡോക്ടർമാരടക്കം ജീവനക്കാർക്കെല്ലാം സുരക്ഷാ സംവിധാനം ആശുപത്രികൾ ഒരുക്കുന്നുണ്ട്. കൂടുതൽ രോഗികളെത്താറുള്ള കാർഡിയോളജി, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം എന്നിവിടങ്ങളിൽ രോഗികൾ കുറഞ്ഞു. മിക്ക ആശുപത്രികളിലും സ്പെഷ്യാലിറ്റി ഒ.പികൾ നിറുത്തിയിട്ടുണ്ട്.മെഡിക്കൽ കോളേജ് ആശുപത്രിയിലും ശ്രീ ചിത്രയിലും അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. ആർ.സി.സിയിലും സമാനമാണ് സ്ഥിതി. പ്രധാന സ്വകാര്യ ആശുപത്രികളിലും രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. ചെറിയ അസുഖങ്ങൾക്ക് നാട്ടുകാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. രോഗികൾ കുറഞ്ഞതോടെ ആശുപത്രി പരിസരത്തെ കച്ചവടക്കാരും വലഞ്ഞു. മിക്കവരും കച്ചവടം നിറുത്തേണ്ട സ്ഥിതിയിലാണ്. പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം റോഡപകടങ്ങൾ കുറഞ്ഞെന്ന് ആശുപത്രി അധികൃതർ പറയുന്നു.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ അപകടത്തിൽ പരിക്കേറ്റ് വരുന്നവരുടെ എണ്ണം മൂന്നിലെന്നായി.അത്യാഹിത വിഭാഗത്തിലെ ഒ.പിയിൽ ദിവസേന ആയിരം രോഗികൾ വരെ എത്തിയിരുന്നു. ഇപ്പോൾ ഇത് 500ൽ താഴെയാണ്. റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞതു കൊണ്ട് അപകടങ്ങൾ കുറഞ്ഞെന്ന് ആശുപത്രി അധികൃതർ പറയുന്നു.
സ്വകാര്യ ലാബുകളിൽ സ്കാനിംഗില്ല
മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ലാബുകളിൽ സ്കാനിംഗ് നിറുത്തിയിട്ടുണ്ട്.കൊറോണ പ്രതിരോധത്തിന്റെ ഭാഗമാണെന്നാണ് ലാബുകളുടെ വിശദീകരണം. രക്തം, മൂത്രം തുടങ്ങിയ പരിശോധനകൾ മാത്രമാണ് ഇവിടങ്ങളിലുള്ളത്.