korona-checkin1

നാഗർകോവിൽ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരളം, കർണാടക, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളെ അതിർത്തിയിൽ തടഞ്ഞു. നിയന്ത്രണം 31 വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് വന്ന തമിഴ്നാട് സർക്കാരിന്റെ എമർജൻസി സ്റ്റിക്കർ ഒട്ടിച്ച 17 ബസുകൾ കളിയിക്കാവിള ആരോഗ്യവകുപ്പിന്റെ ചെക്‌പോസ്റ്റിൽ തടഞ്ഞു. യാത്രക്കാർക്ക് പനിയുണ്ടോ എന്ന് പരിശോധിച്ച ശേഷം വാഹനം അണുവിമുക്തമാക്കിയാണ് കടത്തിവിട്ടത്. കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാരെ പരിശോധിച്ച ശേഷം തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചെയ്യാൻ അനുവദിച്ചു. തമിഴ്നാട് ബസുകളും കേരളത്തിലേക്ക് കടത്തിവിടുന്നില്ല. പരിശോധിച്ച ശേഷം യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസിലേക്ക് മാറ്റുകയാണ്. പാൽ, പച്ചക്കറി, പത്രം, ഗ്യാസ്, പെട്രോൾ ഡീസൽ തുടങ്ങിയവയുമായി വരുന്ന വാഹനങ്ങൾ മാത്രമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. അതിർത്തിയിൽ കേരള,​ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ,​ ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നത്. ജനതാ കർഫ്യൂവിന്റെ ഭാഗമായി അതിർത്തിയിലെ ഹോട്ടലുകളും കടകളും പെട്രോൾ പമ്പുകളും ഇന്ന് അടച്ചിടും. കന്യാകുമാരി ജില്ലയിലെ മണ്ഡപങ്ങളിൽ കല്യാണം നടത്താനും ജില്ലാ ഭരണകൂടം ഇന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളികളിൽ എല്ലാ ഞായറാഴ്ചയും നടത്താറുള്ള ദിവ്യബലിയും ഒഴിവാക്കി.

ഫോട്ടോ: തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് വന്ന കെ.എസ്.ആർ.ടിസി

ബസ് കളിയിക്കാവിള ആരോഗ്യവകുപ്പ് ചെക്‌പോസ്റ്റിൽ പൊലീസ് തടഞ്ഞപ്പോൾ