special-unit

തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലയ്ക്കകത്തെ സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജീവനക്കാർ അടങ്ങിയ ലാൻഡ് അക്വിസിഷൻ യൂണിറ്റ് രൂപീകരിച്ച് ഉത്തരവായി. ആറ് വനം ഡിവിഷനുകളിലായുള്ള 13 സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കാനാണ് യൂണിറ്റ് രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ലാൻഡ് റവന്യു കമ്മിഷണർ ഇതിനായി സമർപ്പിച്ച ശുപാർശയിൽ 14 തസ്തികകളാണ് ചോദിച്ചതെങ്കിലും അനുവദിച്ചത് 11 താത്കാലിക തസ്തികകളാണ്. തിരുവനന്തപുരം ആസ്ഥാനമായുള്ള യൂണിറ്റിന് ഒരു വർഷത്തേക്കാണ് കാലാവധി.

ഒരു സ്പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള യൂണിറ്റിൽ വാല്വേഷൻ അസിസ്റ്റന്റ്- 2, സർവേയർ- 2, റവന്യു ഇൻസ്പെക്ടർ- 2, സീനിയർ ക്ലാർക്ക്- 2, ക്ലാർക്ക് അഥവാ വില്ലേജ് അസിസ്റ്റന്റ്- 1, ഓഫീസ് അറ്റൻഡന്റ്- 1 എന്നിങ്ങനെയാണ് തസ്തികകൾ അനുവദിച്ചിരിക്കുന്നത്. ഇതിന്റെ മുഴുവൻ അധികബാദ്ധ്യതയും 2015ലെ ഭൂമിയേറ്റെടുക്കലും പുനരധിവാസവും ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം ബന്ധപ്പെട്ട നിയമനാധികാരിക്കായിരിക്കും. ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് (ഇക്കോ ഡെവലപ്മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ) നിർദ്ദേശിക്കുന്ന പ്രകാരമായിരിക്കും യൂണിറ്റ് പ്രവർത്തിക്കുകയെന്നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു ഇറക്കിയ ഉത്തരവിൽ പറയുന്നു.