mar21a

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ കൺസ്യൂമർ ഫെഡ് മദ്യ വില്പനശാല പൂട്ടി. ഇതിന്റെ പേരിൽ നഗരസഭാ ചെയർമാനും മദ്യം വാങ്ങാനെത്തിയവരും തമ്മിൽ സംഘർഷത്തിലായി. ചെയർമാൻ എം. പ്രദീപിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സംഘർഷത്തിന് അയവു വന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു ചെയർമാന്റെ നേതൃത്വത്തിൽ പരിശോധിക്കാൻ എത്തിയത്.

കൊറോണ വ്യാപനം തടയാൻ സർക്കാർ നൽകിയിരുന്ന കർശന നിർദ്ദേശം മദ്യ വില്പന ശാലയിൽ പാലിക്കുന്നില്ലെന്ന് ലഭിച്ച പരാതിയെ തുടർന്നാണ് ചെയർമാനും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും എത്തി പരിശോധിച്ചത്. പരിശേധനയിൽ പരാതി ശരിയാണെന്നും നിയമ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും മനസിലാക്കിയാണ് ഔട്ലെറ്റ് പൂട്ടാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയത്. ഈ സമയത്താണ് ചിലർ മദ്യ വില്പന ശാല പൂട്ടുന്നതിനെതിരെ രംഗത്തു വന്നത്. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. ബിവറേജ് പൂട്ടുന്നതോടൊപ്പം ബാറുകളും പൂട്ടണമെന്നായിരുന്നു വാദം.

നല്ല തിരക്കുള്ള മദ്യ വില്പന ശാലയാണ് ആറ്റിങ്ങലിലേത്. എപ്പോഴും നൂറോളം പേർ ക്യൂവിൽ ഉണ്ടാകും. ഈ സാഹചര്യത്തിൽ ഇത്രയുംപേർ മണിക്കൂറുകളോളം വരിയിൽ തിക്കിത്തിരക്കി നിൽക്കുന്നത് കൊറോണ വ്യാപിക്കാൻ സാദ്ധ്യത കൂട്ടുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

ക്യൂവിൽ ഓരോരുത്തരും ഒരു മീറ്റർ അകലം പാലിക്കണമെന്നും ഔട്ട്‌ലെറ്റിന് മുന്നിൽ സാനിറ്റൈസർ നിർ‌ബന്ധമാക്കണമെന്ന നിർദ്ദേശവും ഇവിടെ പാലിച്ചിരുന്നില്ല. കൂടാതെ ജനം കൂട്ടംകൂടുന്നത് തടയാൻ ഒന്നിൽ കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശവും കാറ്റിൽപറത്തി. കൊറോണ വ്യാപനം തടയാൻ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും കൂട്ടംകൂടൽ അനുവദിക്കില്ലെന്നും ചെയർമാൻ പറഞ്ഞു. ആറ്റിങ്ങലിൽ കൊറോണ നിരീക്ഷണത്തിൽ 81 പേർ ഉള്ള സാഹചര്യത്തിൽ ജനം സർക്കാർ നിർദ്ദേശം സ്വയം പാലിക്കാൻ തയ്യാറാകണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു. ഇതോടെ തർക്കിച്ചു നിന്നവർ പിരിഞ്ഞു പോയി. ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.