kili

കിളിമാനൂർ: സ്ഥലപരിമിതിയും, ഗതാഗതക്കുരുക്കും, കാൽനടയാത്രക്കാർക്ക് നടക്കാൻ ബുദ്ധിമുട്ടും ഒക്കെയായി നീണ്ട കാലം വീർപ്പു മുട്ടിയിരുന്ന കിളിമാനൂർ ജംഗ്ഷനും ഹൈടെക്കിലേക്ക്. സംസ്ഥാന പാതയിൽ തിരുവനന്തപുരം മുതൽ കൊട്ടാരക്കര വരെയുള്ള റോഡിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കിളിമാനൂർ. ജംഗ്ഷനിലെ അശാസ്ത്രീയമായ ഡിവൈഡറുകളുടെ നിർമാണവും അപകടകരമായ അവസ്ഥയിലുള്ള ഹൈമാസ് ലൈറ്റും സിഗ്നൽ ലൈറ്റുമൊക്കെയായി ഇവിടെ കുറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ടുകയായിരുന്നു. നിരവധി അപകടങ്ങളും പതിവായിരുന്നു.

ഈ സാഹചര്യത്തിലാണ് കഴക്കൂട്ടം - അടൂർ അതിവേഗ സുരക്ഷാ മാതൃക റോഡ് പദ്ധതിയുടെ ഭാഗമായുള്ള കിളിമാനൂർ ജംഗ്ഷൻ നവീകരണം ആരംഭിച്ചത്. പണി ആരംഭിച്ച് മാസങ്ങൾ ആയിട്ടും പണി പൂർത്തിയാക്കാതെ ഒച്ചിഴയുന്ന വേഗത്തിലാണ് നിർമാണം നടന്നു കൊണ്ടിരുന്നത്. ഇത് കാരണം കച്ചവടക്കാരും, കാൽ നടയാത്രക്കാരും ഏറെ ബുദ്ധി മുട്ടും അനുഭവിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകുകയും ബി. സത്യൻ എം.എൽ.എ അടിയന്തരമായി ഇടപെടുകയും ചെയ്തു. ഇതേ തുടർന്ന് അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും നിർമ്മാണം അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുകയുമാണ്. ടൗണിലെ റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തികൾ കൈയേറിയ സ്ഥലങ്ങൾ പൂ‌ർണമായി ഒഴിപ്പിച്ചു കൊണ്ടാണ് നവീകരണ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. ബി. സത്യൻ എം.എൽ.എയുടെ മേൽനോട്ടത്തിൽ ദ്രുതഗതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മാസങ്ങളായി നടക്കുന്ന നിർമ്മാണങ്ങൾ മൂലം വ്യാപാരികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും എം.എൽ.എയുടെ ഇടപെടലുകൾ സഹായകമായി. ഇതോടെ ജംഗ്ഷൻ നവീകരണം പൂർണതയിലെത്തുകയാണ്.