mar21b

ആ​റ്റിങ്ങൽ: ആറ്റിങ്ങൽ സബ് ജയിൽ വളപ്പിൽ തഴച്ചു വളരുന്ന പച്ചക്കറിത്തൈകൾ കൗതുക കാഴ്ചയാകുന്നു. ജയിൽ വളപ്പിലെ കുറച്ചുള്ള ഭൂമിയിലും ഗ്രോബാഗുകളിലുമായാണ് തൈകൾ തളിരിടുന്നത്.

ജയിലധികൃതരുടെ മേൽനോട്ടത്തിൽ തടവുകാരാണ് തോട്ടമൊരുക്കി പരിപാലിക്കുന്നത്. ആ​റ്റിങ്ങൽ കൃഷിഓഫീസർ പുരുഷോത്തമന്റെ നിർദ്ദേശ പ്രകാരമാണ് കാർഷിക ജോലികൾ നടക്കുന്നത്. കൃഷിക്കാവശ്യമായ വിത്തുംവളവും സാമ്പത്തികസഹായവും കൃഷിവകുപ്പിൽ നിന്ന് ജീവനി പദ്ധതിപ്രകാരമാണ് ലഭ്യമാക്കിയത്.

കൃഷിയിൽ താല്പര്യമുള്ള തടവുകാരെ മാത്രമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളതെന്ന് ജയിൽ സൂപ്രണ്ട് ജെ. പാട്രിക് പറഞ്ഞു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രാജേഷ്, വാർഡന്മാരായ താരേഷ്, ഇർഷാദ്, റാഫി എന്നിവർക്കാണ് കൃഷിത്തോട്ടത്തിന്റെ ചുമതല.

രണ്ടിടത്തായാണ് തോട്ടം നിർമ്മിച്ചത്. ജയിൽ വളപ്പിലെ ഇത്തിരിപ്പോന്ന ഭൂമി കിളച്ചൊരുക്കി ചീര, വള്ളിപ്പയർ എന്നിവ നട്ടു. നടവഴിയിലുൾപ്പെടെ ഗ്രോബാഗുകളിൽ വഴുതന, മുളക്, വെണ്ട, തക്കാളി തുടങ്ങിയവയും നട്ടുപിടിപ്പിച്ചു. കിണ​റ്റിൽ നിന്നുളള വെള്ളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. അടുക്കളയിലെ മലിനജലവും കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.

ചിലയിനങ്ങൾ വിളവെടുത്തുതുടങ്ങി. മ​റ്റുള്ളവയും പൂവിട്ടു കഴിഞ്ഞു. വിളകൾ ജയിലിൽ ഭക്ഷണാവശ്യത്തിനുപയോഗിക്കുന്നതിനുപുറമേ പൊതുജനങ്ങൾക്ക് വില്ക്കാനാണ് തീരുമാനം. തടവുകാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിട്ടുളളതെന്നും വളരെ ആവേശത്തോടെയാണ് അവർ ജോലികളിൽ ഏർപ്പെടുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.