ജീവനക്കാർക്ക് ശനി അവധി
തിരുവനന്തപുരം: കൊറോണ പ്രതിരാധ നടപടികളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രമുഖ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ഈ മാസം 31വരെ ദർശനം വിലക്കി. പൂജകൾ നടത്തും.
ഉത്സവങ്ങൾ ക്ഷേത്രത്തിനുള്ളിലെ ആചാരപരമായ ചടങ്ങുകളിൽ ഒതുക്കും. 29ന് ആരംഭിക്കുന്ന ശബരിമല ഉത്സവത്തിനും ഇതു ബാധകം.
ആന എഴുന്നള്ളത്ത് നിരോധിച്ചു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിതൃക്കൾക്കായി നടത്തുന്ന ബലി ചടങ്ങുകൾക്കും വിലക്ക്.
ദൈനംദിന പൂജകൾക്കായി നട തുറക്കാനും അടയ്ക്കാനും പുതിയ സമയക്രമം നിശ്ചയിച്ചു.
മാർച്ച് 31 വരെയുള്ള ശനിയാഴ്ചകളിൽ ജീവനക്കാർക്ക് അവധി നൽകാനും തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിച്ചു. ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാർ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ എന്നിവർ ഒഴികെ അസിസ്റ്റന്റ് കമ്മിഷണർ /അസിസ്റ്റന്റ് എൻജിനിയർ മുതൽ താഴേത്തട്ടിലെ ഉദ്യോഗസ്ഥർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരായാൽ മതി. മുഴുവൻ ക്ഷേത്രജീവനക്കാർക്കും കൈയുറകളും മാസ്‌കും നൽകും. ഹാൻഡ് സാനിറ്റൈസർ എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമാക്കും.
നിയന്ത്രണം
# ശബരിമലയിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഗ്രേഡ് ക്ഷേത്രങ്ങളിലും സ്‌പെഷ്യൽ ഗ്രേഡ് ക്ഷേത്രങ്ങളിലും ഭക്തർക്ക് പ്രവേശനമില്ല.
# ഉത്സവങ്ങൾക്ക് ആന എഴുന്നള്ളത്ത് നടത്തില്ല.
# തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം,വർക്കല, കൊല്ലം ജില്ലയിലെ തിരുമുല്ലവാരം പോലുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ബലിതർപ്പണ ചടങ്ങുകൾ നടത്തില്ല.
# വെള്ളായണി ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ദിക്കുബലി നടത്തില്ല.
# ഒരു ക്ഷേത്രത്തിലും അന്നദാനം പാടില്ല.
ക്ഷേത്രസമയം
രാവിലെ 6 മണിക്ക് തുറന്ന് 10 മണിക്ക് അടയ്ക്കും. വൈകിട്ട് 5.30ന് തുറന്ന് 7.30ന് അടയ്ക്കും. എല്ലാ പൂജകളും ഇതനുസരിച്ച് ക്രമീകരിക്കും.
വഴിപാട്, വിവാഹം
# മുൻകൂട്ടി ബുക്കുചെയ്ത വഴിപാടുകൾ സൗകര്യപ്രദമായ മറ്റ് തീയതികളിലേക്ക് മാറ്റും.
# ദേവസ്വം ബോർഡിന്റെ ആഡിറ്റോറിയങ്ങൾ ബുക്ക് ചെയ്തവർ വിവാഹം മാറ്റിവച്ചിട്ടുണ്ടെങ്കിൽ തുക തിരികെ നൽകും.