maarkkatt

മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിലെ പ്രധാന ജംഗ്‌ഷനുകളിൽ ഒന്നായ മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷന് സമഗ്ര വികസനം കാത്ത് നാട്ടുകാർ. അഴൂർ - ശാസ്തവട്ടം റോഡും മുടപുരം - മുട്ടപ്പലം റോഡും സന്ധിക്കുന്ന ജംഗ്‌ഷനാണിത്. ജനസാന്ദ്രത കൊണ്ട് മുന്നിൽ നിൽക്കുന്ന ഈ പ്രദേശത്ത് കാലത്തിന് അനുസരിച്ച് വികസനം എത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഗ്രാമ പഞ്ചായത്തിലെ 8, 9, 14 വാർഡുകൾ ചേരുന്ന ജംഗ്‌ഷനാണ് ഇത്. ജീർണാവസ്ഥയിലായ പ്രധാന ബസ് കാത്തിരിപ്പു കേന്ദ്രവും

ഗ്രാമ പഞ്ചായത്ത് മാർക്കറ്റിനോട് ചേർന്ന് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സും നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

60 വർഷം മുൻപ് നിർമ്മിച്ച ഈ കെട്ടിടത്തിൽ നാല് മുറികളിലായി റേഷൻ കടയും ചായക്കടയും കെട്ടിട നിർമ്മാണത്തിന് ആവശ്യമായ സാധനം സൂക്ഷിക്കുകയുമാണ് ചെയ്തിരുന്നത്. കാലപ്പഴക്കം മൂലം കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കും ചുവരിനും ബലക്ഷയം സംഭവിച്ചതിനാൽ റേഷൻകട ഇവിടെ നിന്ന് മാറ്റി. മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകി വീഴുകയാണ്. ഇടക്ക് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ചോർച്ചയ്ക്ക് ശമനം ഉണ്ടായിട്ടില്ല.

2004 ൽ ചന്തയോട് ചേർന്ന് 6 മുറികളോട് കൂടിയ പുതിയ മാർക്കറ്റ് സ്റ്റാളുകൾ നിർമ്മിച്ചു. ഇതിനും അറ്റക്കുറ്റപ്പണി നടത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.