നെടുമങ്ങാട് : കൊറോണ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി താലൂക്കിലെ പട്ടികജാതി,പട്ടികവർഗ ഹോസ്റ്റലുകളുടെയും മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെയും പ്രവർത്തനം നിർത്തിവച്ചു.എന്നാൽ,ഈ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി കരുതിയിരുന്ന ഭക്ഷ്യധാന്യങ്ങൾ അവർക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസർ അറിയിച്ചു.ജനത കർഫ്യുവിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5 ന് ആദിവാസി ഊരുകളിൽ കൂട്ടം കൂടാതെ ഓരോ വീടുകൾ കേന്ദ്രീകരിച്ച് പാരമ്പര്യ വാദ്യോപകരണങ്ങൾ വായിച്ച് ആരോഗ്യ സന്നദ്ധ പ്രവർത്തകരെ അനുമോദിക്കും.നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളിലായി നൂറോളം പട്ടികവർഗ ഊരുകളും അഞ്ഞൂറോളം പട്ടികജാതി കോളനികളുമാണുള്ളത്.ഇവിടങ്ങളിൽ പനി,ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനും അവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കൊണ്ടു വരുന്നതിനും ഇരു വകുപ്പുകളിലെയും പ്രമോട്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നടപടി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന എസ്.സി/ എസ്.ടി പ്രമോട്ടർമാരെ മേയ് 31 വരെ തുടരാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.60 ന് മുകളിൽ പ്രായമുള്ള പട്ടികവർഗ അംഗങ്ങൾക്ക് പ്രത്യേക പോഷകാഹാര കിറ്റ് നൽകും.500 ഗ്രാം ചെറുപയർ, 500 ഗ്രാം വൻപയർ, 500 ഗ്രാം കടല, 500 ഗ്രാം ശർക്കര, 500 ഗ്രാം വെളിച്ചെണ്ണ, രണ്ട് കിലോ നുറുക്ക് ഗോതമ്പ് എന്നിവ ഒരു കിറ്റിൽ ഉണ്ടാവും.ഇതിന് പുറമെ പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന ഫുഡ് സപ്പോർട്ട് പ്രോഗ്രാം പ്രകാരം ആവശ്യമുള്ള എല്ലാ ഊരുകളിലും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യും.തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെങ്കിൽ അവരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.തോട്ടം മേഖലയിൽ കാര്യമായ ഇടപെടലുകൾ നടക്കുന്നില്ലെന്ന പരാതിയുണ്ട്.