ഉള്ളൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നാളെ മുതൽ ഒ.പിയുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 12 വരെ മാത്രമായിരിക്കും. 8 മുതൽ 11 വരെ ഒ.പി ടിക്കറ്റ് നൽകും. ആശുപത്രിയിൽ ആൾക്കൂട്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രമേ ആശുപത്രിയിൽ വരാൻ പാടുള്ളൂവെന്നും അധികൃതർ അറിയിച്ചു.
പ്രത്യേക സംവിധാനം
രോഗികളും കൂടെ വരുന്നവരും ആശുപത്രിയിലെ നിബന്ധനകൾ കൃത്യമായി പാലിക്കണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തുന്നവർ ഹെൽപ്പ് ഡെസ്‌കിൽ അവരുടെ കഴിഞ്ഞ 14 ദിവസത്തെ സമ്പർക്കങ്ങളും ഇടപെടലുകളും നിർബന്ധമായും വിശദീകരിക്കണം. ഹെൽപ്പ് ഡെസ്‌കിൽ രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെ
എണ്ണം വർദ്ധിപ്പിച്ചു
കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് പ്രീ ക്ലിനിക്കൽ വിഭാഗങ്ങളിൽ നിന്നും മറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ നിന്നെല്ലാം ഡോക്ടർമാരെയും മറ്റ് ഹൗസ് സർജന്മാരെയും കൊറോണ ക്ലിനിക്കിലേക്ക് നിയോഗിച്ചിട്ടുണ്ട്.
പുതിയ തീവ്ര പരിചരണവിഭാഗം
കൊറോണ ചികിത്സ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ നാലുകിടക്കകളുള്ള പുതിയ തീവ്രപരിചരണവിഭാഗം കൂടി സജ്ജമാക്കി. കൊറോണ ചികിത്സ നടക്കുന്ന കെ.എച്ച്.ആർ.ഡബ്ളിയു.എസ് പേവാർഡിന്റെ ആറാം നിലയിലെ മുഴുവൻ മുറികളും കഴിഞ്ഞ ദിവസം ഐസൊലേഷൻ വാർഡാക്കി മാറ്റിയിരുന്നു.