corona

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ മേഖലകളിൽ കൊറോണ പ്രതിരോധത്തിനും അടിയന്തര സഹായത്തിനും നടപടി ആരംഭിച്ചതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു. പട്ടികജാതി സങ്കേതങ്ങളിലും പട്ടികവർഗ ഊരുകളിലും പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിന് രണ്ട് വകുപ്പുകളിലെയും പ്രമോട്ടർമാരെ ചുമതലപ്പെടുത്തി. മാർച്ച് 31ന് അവസാനിക്കുന്ന ഇവരുടെ സേവന കാലാവധി മേയ് 31വരെ നീട്ടും.

ഊരുകൾ സന്ദർശിക്കുന്ന പ്രമോട്ടർമാർ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തും. യാത്രാവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കും. ജില്ലാ തലത്തിൽ ഏകോപിപ്പിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസർമാരെയും പ്രൊജക്ട് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പട്ടികവർഗ ഊരുകളിലെ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക പോഷകാഹാര കിറ്റ് നൽകും. 500 ഗ്രാം ചെറുപയർ, 500 ഗ്രാം വൻപയർ, 500 ഗ്രാം കടല, 500 ഗ്രാം ശർക്കര, 500 ഗ്രാം വെളിച്ചെണ്ണ, രണ്ട് കിലോ നുറുക്ക് ഗോതമ്പ് എന്നിവയാകും ഒരു കിറ്റിൽ ഉണ്ടാവുക. പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന ഫുഡ് സപ്പോർട്ട് പ്രോഗ്രാം പ്രകാരം ആവശ്യമുള്ള എല്ലാ ഊരുകളിലും ഭക്ഷണ സാധനങ്ങൾ നൽകും.
രണ്ട് വകുപ്പിന്റെയും കീഴിലുള്ള ഹോസ്റ്റലുകളുടെയും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെയും പ്രവർത്തനം നിറുത്തിവച്ചു. അവർക്കുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും. ഊരുകളിലെ വീടുകളിൽ ഇന്ന് വൈകിട്ട് 5ന് പാരമ്പര്യ വാദ്യോപകരണങ്ങൾ വായിച്ച് ആരോഗ്യ സന്നദ്ധ പ്രവർത്തകരെ അനുമോദിക്കും.
പ്രമോട്ടർമാർ മുഖേന സങ്കേതങ്ങളിലും, ഊരുകളിലും ബ്രേക്ക് ദി ചെയിൻ നടപ്പാക്കും.