modem

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ.ടി കമ്പനികൾ വർക്ക് ഫ്രം ഹോം (വീട്ടിലിരുന്ന് ജോലി) നടപ്പാക്കി തുടങ്ങിയതോടെ കോളടിച്ച ഒരു വിഭാഗം വൈഫൈ മോഡം നിർമാതാക്കളാണ്. ഈ മാസം സംസ്ഥാനത്ത് വൈഫൈ മോഡങ്ങളുടെ വിൽപന 50 ശതമാനത്തോളം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. മിക്ക കമ്പനികളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചതോടെയാണ് മോഡങ്ങൾക്ക് ആവശ്യക്കാരേറിയത്. ഇൻഫോപാർക്ക്, ടെക്‌നോപാർക്ക് തുടങ്ങിയ ഐ.ടി സ്ഥാപനങ്ങളിലെ കമ്പനികളാണ് ആദ്യം ഈ സംവിധാനം ഏർപ്പെടുത്തിയത്. ഇതോടെ പല കമ്പനികളും വലിയ അളവിൽ ഓർഡർ നൽകി വൈഫൈ മോഡങ്ങൾ വാങ്ങി. ജീവനക്കാർ സ്വന്തം നിലയിലും വാങ്ങുന്നുണ്ട്. മൊബൈൽ സേവന ദാതാക്കൾ ഇറക്കുന്ന മോഡങ്ങളും എല്ലാ സിം കാർഡുകളും ഉപയോഗിക്കാനാവുന്ന ഓപ്പൺ മോഡങ്ങളും വിപണിയിൽ ലഭ്യമാണ്. ആയിരം രൂപ മുതലാണ് വില. ഇന്റർനെറ്റിന്റെ വേഗതയിലെ ഏറ്റക്കുറച്ചിൽ ജോലിയിൽ തടസം സൃഷ്ടിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് ക്ഷമത 40 ശതമാനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് ജീവനക്കാരിൽ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ബാൻഡ് വിഡ്ത് നിരീക്ഷിക്കാൻ ദിവസവും ഉച്ചയ്ക്ക് 12ന് ടെലികോം കമ്പനികളിൽ നിന്നു വിവരം ശേഖരിക്കാനും സർക്കാർ തലത്തിൽ സംവിധാനമൊരുക്കുന്നുണ്ട്.

 ഫെബ്രുവരിയെ അപേക്ഷിച്ച് ഈ മാസം സംസ്ഥാനത്ത് ജിയോയുടെ വൈഫൈ മോഡം വിൽപനയിൽ 50 മുതൽ 60 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്.

- ജിയോ പ്രതിനിധി