ബാലരാമപുരം: മുടവൂർപാറ ശ്രീനാരായണ ഗുരുദേവ മന്ദിരം മാറ്റി സ്ഥാപിച്ചതോടെ കരമന - കളിയിക്കാവിള ദേശീയപാതവികസന ഊർജിതമായി. വികസനത്തിന് തടസം സൃഷ്ടിക്കാതിരിക്കാൻ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠ വെട്ടുബലിക്കുളത്തിന് സമീപം ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ചടങ്ങിൽ ഗുരുഭക്തർ,നാട്ടുകാർ, ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പുതിയ ഗുരുമന്ദിരനിർമ്മാണം പൂർത്തിയാകുമ്പോൾ ഗുരുപ്രതിമ വിവിധ ഗുരുപൂജാ ചടങ്ങുകളോടെ പുനഃപ്രതിഷ്ഠിക്കും. എന്നാൽ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന ആവശ്യത്തിൽ ശാഖ ഉറച്ചുനിൽക്കുകയാണ്. മുടവൂർപ്പാറ ഗുരുമന്ദിരം പൊളിച്ചുമാറ്റണമെന്ന ദേശീയപാതയുടെ അറിയിപ്പ് ലഭിച്ചയുടൻ തന്നെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശാഖഭാരവാഹികൾ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവരെ സമീപിച്ചിരുന്നു. ആറ് വർഷത്തോളം സമരവും പ്രതിഷേധവുമായി മുന്നോട്ടുപോയെങ്കിലും ഇതുവരെയും ഗുരുമന്ദിരം മാറ്റിസ്ഥാപിക്കുന്നതിന് വേണ്ട നഷ്ടപരിഹാരം സർക്കാർ ലഭ്യമാക്കിയിട്ടില്ല. ഗുരുമന്ദിരത്തിന് മുൻ ഭൂവുടമ എഴുതി നൽകിയ വിലയാധാരത്തിൽ ഗുരുമന്ദിരവും സൂചിപ്പിച്ചിട്ടുണ്ടെന്ന് ശാഖാ ഭാരവാഹികൾ പറയുന്നു. ഐ.ബി. സതീഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് യു.എൽ.സി.സി.എസ് കരാർ കമ്പനിയിൽ മൂന്ന് ലക്ഷം രൂപ താത്കാലികമായി ഗുരുമന്ദിരത്തിന്റെ നിർമ്മാണത്തിനായി അനുവദിച്ചെങ്കിലും മന്ദിരം പൂർത്തീകരണത്തിന് ഈ തുക പര്യാപ്തമല്ലെന്നും കൂടുതൽ തുക സർക്കാർ ഇടപെട്ട് ലഭ്യമാക്കണമെന്നും ശാഖകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇത് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ആവശ്യം ശക്തമാണ്.