തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ന് രാവിലെ ഏഴ് മണി മുതൽ രാത്രി 9 വരെയുള്ള ജനതാ കർഫ്യുവിലേക്ക് കേരളവും കടന്നു. എല്ലാവരും വീടിനുള്ളിൽ കഴിയണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.
വീടുകളിൽ കഴിയുന്നതിനാൽ കുടുംബാംഗങ്ങൾ മാത്രമായി പരിസര ശുചീകരണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നറിയിച്ചു. അവശ്യസർവീസുകൾക്കും ജീവനക്കാർക്കും തടസ്സമുണ്ടാകില്ല. എന്നാൽ, പരമാവധി പേർ വീടുകളിൽ തന്നെ കഴിയാൻ ശ്രമിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
കൊറോണയെ പ്രതിരോധിക്കാനുള്ള നടപടികളെ പിന്തുണയ്ക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ അറിയിച്ചു. ദേശീയതലത്തിൽ തന്നെ കോൺഗ്രസ് ജനതാ കർഫ്യുവിനെ പിന്തുണയ്ക്കുന്നതായി യു.ഡി.എഫ് കൺവീനർ ബെന്നിബെഹ് നാൻ അറിയിച്ചു.
കൈകോർക്കുന്നത് ഇങ്ങനെ
# കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിറുത്തിവച്ചു. (പാസഞ്ചർ ട്രെയിൻ സർവീസുകളെല്ലാം ഇന്നലെ അർദ്ധരാത്രിയോടെ റെയിൽവേ നിറുത്തിവച്ചിട്ടുണ്ട്. എക്സ്‌പ്രസ്, മെയിൽ സർവീസുകൾ ഇന്ന് പുലർച്ചെ നാലോടെ നിറുത്തി.)
# ബാറുകൾ അടക്കമുള്ള മദ്യശാലകൾ പ്രവർത്തിക്കില്ല.
# പെട്രോൾ പമ്പുകൾ പ്രവർത്തിക്കുമെന്ന് എണ്ണക്കമ്പനികൾ അറിയിച്ചെങ്കിലും
അടച്ചിടുമെന്ന് പമ്പ് ഉടമകളുടെ ആൾ ഇന്ത്യ ഫെഡറേഷൻ
# എല്ലാ കച്ചവടക്കാരും കർഫ്യുവിനോട് സഹകരിക്കുമെന്ന് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി
# ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ.
# സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും.
വിജയിപ്പിക്കണം : ഗവർണർ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വിജപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭ്യർത്ഥിച്ചു. നമ്മെ രക്ഷിക്കാനായി ആശുപത്രികളിലും മറ്റും പ്രയത്നിക്കുന്ന സഹോദരങ്ങൾക്ക് നന്ദി പറയാനും ഈ സന്ദർഭം വിനിയോഗിക്കണം. പരസ്പരം ശക്തിപകർന്ന് മഹാമാരിയെ കീഴടക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.