തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, ബഹുജന സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഗാർഹിക ശുചീകരണ ദിനമായി ആചരിക്കും. ശുചിത്വം, രോഗാണുക്കളുടെ സംക്രമണം കുറയ്ക്കൽ, ശാരീരിക അകലം പാലിക്കൽ എന്നിവയിലൂടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളും ഗാർഹിക ശുചീകരണ ദിനമായി ആചരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. ഗാർഹിക ശുചീകരണ ദിനം ശാരീരികവും മാനസികവും കുടുംബപരവുമായി രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പ് ദിനമായി മാറ്റണം.
ശുചീകരണം ഇങ്ങനെ
വീട്ടിലെ മുഴുവൻ അംഗങ്ങളും ഇടക്കിടെ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്ന രീതി കൃത്യമായി പാലിക്കണം.
വീടിനകത്തും പരിസരത്തുമുള്ള എല്ലാ അജൈവ പാഴ്‌വസ്തുക്കളും ചാക്കുകളിൽ തരംതിരിച്ച് മഴപെയ്താലും വെള്ളം കയറാത്ത വിധത്തിൽ പ്രത്യേകം സൂക്ഷിക്കുക.
മുറികളും, ടോയ്ലെറ്റുകളും ഉൾപ്പെടെ വീടിനകം മുഴുവൻ കഴുകി വൃത്തിയായി സൂക്ഷിക്കണം.
വീടിന്റെ പരിസരത്തുള്ള അപകടകരമായ വസ്തുക്കൾ (ട്യൂബ് ലൈറ്റ്, എൽ.ഇ.ഡി ബൾബ്, ഉപയോഗശേഷമുള്ള മരുന്ന് കുപ്പികൾ, മരുന്നുകൾ) ഇവ പുറത്തേക്ക് കളയാതെ പ്രത്യേകം സൂക്ഷിക്കണം.
കമ്പോസ്റ്റ് പിറ്റ് ഇല്ലാത്ത എല്ലാ വീടുകളിലും കമ്പോസ്റ്റ് പിറ്റ് സജ്ജമാക്കി വീട്ടിലെ ജൈവ വസ്തുക്കൾ കൃത്യമായി സംസ്‌കരിക്കണം.
വീട്ടിലെ ശുചീകരണ പ്രവർത്തനം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും കൈകഴുകൽ രീതി എല്ലാവരും സ്വീകരിക്കണം.