തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനത്തിന് സംസ്ഥാനത്തിനാവശ്യമായ ഹാൻഡ് റബ് സൊലൂഷൻ കെ.എസ്.ഡി.പി.എൽ വഴി ലഭ്യമാക്കാനും ഗ്ലൗസുകൾ വ്യവസായ വകുപ്പിൽ നിന്ന് ലഭ്യമാക്കാനും തീരുമാനമായി. പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റ്, എൻ 95 മാസ്‌ക്, ട്രിപ്പിൾ ലെയർ മാസ്‌ക്, ഡബിൾ ലെയർ മാസ്‌ക്, ഹാൻഡ് റബ് സൊല്യൂഷൻ, ഇൻഫ്രാറെഡ് തെർമോമീറ്റർ തുടങ്ങി അടിയന്തര ചികിത്സ സാമഗ്രികൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനിച്ചത്. മറ്റു രാജ്യങ്ങളിൽ കൊറോണ കാരണമായുണ്ടായിട്ടുള്ള വ്യാവസായിക സ്തംഭനം മൂലം അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം നേരിടുന്നതിനാൽ ചികിത്സാ സാമഗ്രികൾക്കുള്ള ക്ഷാമം പരിഹരിക്കുന്നതിന് ഇവയുടെ തദ്ദേശീയ സാദ്ധ്യത ഉപയോഗപ്പെടുത്താനായിരുന്നു യോഗം. ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്കാവശ്യമായ ബെഡ് ഷീറ്റ്, പില്ലോ കവർ, ടവൽ എന്നിവ കൈത്തറി സഹകരണ സംഘം മുഖേന ലഭ്യമാക്കും. മാസ്‌കുകളും പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റുകളും നിർമ്മിക്കുന്നതിനാവശ്യമുള്ള അസംസ്‌കൃത വസ്തുക്കൾ പ്രാദേശികമായി ലഭ്യമാക്കി അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ വ്യവസായ വകുപ്പ് ഡയറക്ടറേയും ടെക്സ്‌റ്റൈൽസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറേയും ചുമതലപ്പെടുത്തി. അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ വിതരണം മുടങ്ങാതിരിക്കാനും നടപടി സ്വീകരിക്കും.