തിരുവനന്തപുരം: കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ അതിർത്തികൾ ഭാഗികമായി അടച്ചു. കാസർകോട് വഴിയെത്തുന്ന എല്ലാ വാഹനങ്ങൾക്കും കർണാടക ചെക്ക് പോസ്റ്റുകളിൽ വിലക്കേർപ്പെടുത്തി. തമിഴ്നാട് അതിർത്തികളിൽ ഇന്നലെ വൈകിട്ട് മൂന്നോടെ ചരക്ക് വാഹനങ്ങളൊഴികെ എല്ലാ വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി.
കെ.എസ്.ആർ.ടി.സിയുടെ നാഗർകോവിലേക്കുള്ള ബസ് സർവീസുകളും തിരുവനന്തപുരത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകളും സർവീസ് നിറുത്തിവച്ചു. ഇരു കോർപ്പറേഷന്റേയും ബസ് സർവീസുകൾ കളിയിക്കാവിള വരെ മാത്രമായി നിജപ്പെടുത്തി. കെ.എസ്.ആർ.ടി.സി കളിയിക്കാവിളയിലേക്ക് ഓർഡിനറി ബസുകൾ മാത്രം അയച്ചു.
അതിർത്തികളിൽ തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവർ വാഹനങ്ങൾ പരിശോധിച്ച് മരുന്ന് തളിച്ച ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്.എന്നാൽ കേരളത്തിൽ നിന്നെത്തുന്ന കാറുകളേയോ ബസുകളേയോ കടത്തി വിടുന്നില്ല. പകരം ആരോഗ്യ പരിശോധനയ്ക്കു ശേഷം തമിഴ്നാടിന്റെ വാഹനങ്ങൾ യാത്രക്കാരെ കൊണ്ടുപോവുകയാണ്. അതേ സമയം സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം വെല്ലൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ തമിഴ്നാട് സർക്കാർ തിരുപ്പൂരിലെത്തിച്ചു. അവിടെ നിന്നും കേരള സർക്കാർ ഏർപ്പെടുത്തിയ വാഹനത്തിൽ ചാലക്കുടി ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്ധ്രാ അതിർത്തിയിലും തമിഴ്നാട് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി പരിശോധനകൾ കർശനമാക്കാൻ വെള്ളിയാഴ്ച വൈകിട്ട് നൽകിയ ഉത്തരവിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. അതിർത്തി പരിശോധനയുടെ മേൽനോട്ടം ജില്ലാകളക്ടർമാർക്കാണ്. അത്യാവശ്യ സാധനങ്ങളുമായി പോകുന്ന വാഹനങ്ങളിലെ ജീവനക്കാരെ അതിർത്തി കടന്നു പോകുന്നതിനു മുമ്പും ശേഷവും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി മെഡിക്കൽ സംഘം എല്ലാ ചെക്ക് പോസ്റ്റുകളിലുമുണ്ട്.