തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനഭീഷണിയുടെ പശ്ചാത്തലത്തിൽ പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആഘോഷപരിപാടികൾ കൊറോണക്കാലത്ത് വേണ്ടെന്നു വയ്ക്കണം. ഐസൊലേഷനിൽ കഴിയുന്നവർ പുറത്തിറങ്ങാതെ നോക്കേണ്ടത് അവരുടെയും സഹജീവികളുടെയും സുരക്ഷിതത്വത്തിന് വേണ്ടിയാണ്. വിചാരിക്കുന്നതിലും വേഗം കൊറോണ പടർന്ന് കൊണ്ടിരിക്കുകയാണ്. കേരളത്തിൽ 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ കുറവ് ഉണ്ടാകാനിടയുണ്ട്. കടകളുടെ പ്രവർത്തന സമയവും ക്രമീകരിക്കണ്ടിവരും. വീടുകളിൽ തന്നെ ഇരിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് കൊടുക്കേണ്ടി വരും. അതുകൊണ്ട് ഒരു ആരോഗ്യപ്രശ്നം എന്നതിലുപരി ഒരു സാമൂഹ്യ പ്രശ്നമായി ഇത് മാറാനിടയുണ്ട്.
ഇത് മുൻകൂട്ടി കണ്ട് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും തയ്യാറെടുക്കണം. നമ്മൾ ഓരോരുത്തരും ആവശ്യമായ സാധനങ്ങൾ മുൻകൂട്ടി വാങ്ങി വയ്ക്കണം. ഹോം ക്വറന്റയിനിൽ കഴിയുന്നവർ പുറത്ത് ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടയാൾ ചുറ്റിനടന്നതിന്റെ കഷ്ടപ്പാടാണ് കാസർകോട് ജില്ല മുഴുവനിപ്പോൾ അനുഭവിക്കുന്നത്. ആരോഗ്യപ്രവർത്തകർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ മുന്നോട്ടു വരണമെന്നും പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു.