flight

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിലാവും. 29 വരെയാണ് നിരോധനം. എന്നാൽ വിദേശത്തു നിന്ന് സർവീസ് ആരംഭിക്കുന്ന സർവീസുകൾക്ക് ഇവിടെ ലാൻ‌ഡ് ചെയ്യാൻ നാളെ പുലർച്ചെ 1.30വരെ സമയം അനുവദിച്ചിട്ടുണ്ട്. വിദേശ വിമാനങ്ങൾ വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കിയ ശേഷം കാലിയായി മടങ്ങണം. തിരുവനന്തപുരത്ത് മാത്രം നിത്യേന ഇരുപത് സർവീസ് റദ്ദാക്കപ്പെടും. എയർഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നിവ 28വരെ തിരുവനന്തപുരത്തു നിന്നുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. സ്കൂട്ട് എയർലൈൻ 30 വരെയും ഖത്തർ എയർവെയ്സ് 29 വരെയും സർവീസുകൾ നിറുത്തി. ഒമാൻ എയർ, എയർ അറേബ്യ, എമിറേറ്റ്സ് വിമാനങ്ങളും സർവീസുകൾ റദ്ദാക്കി. അതേസമയം, ആഭ്യന്തര സർവീസുകൾക്ക് മുടക്കമുണ്ടാവില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ വിദേശത്തുനിന്ന് ഡൽഹിയിലും മറ്റുമെത്തിയ ശേഷം ആഭ്യന്തര സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.