മലയിൻകീഴ് :കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ടിന് ജനങ്ങൾ കൂട്ടമായി പങ്കെടുത്തതിന് ക്ഷേത്ര അധികാരികൾക്കും ക്ഷേത്രോപദേശക സമിതി അംഗങ്ങളുമടക്കം 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. കേസെടുത്തതിനെ തുടർന്ന് സ്‌റ്റേഷനിൽ ഹാജരായ ഭാരവാഹികളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊതുസ്ഥലങ്ങളിൽ 50 പേർവരെ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂവെന്ന ഉത്തരവ് ലംഘിച്ചതിനാണ് കേസ്. മലയിൻകീഴ് ജംഗ്ഷനിൽ നിരവധിപേർ ആറാട്ട് യാത്രയ്ക്ക് അകമ്പടിയെത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഈ സംഭവം വിവാദമായിരുന്നു.ക്ഷേത്ര ചുമതലയുള്ളവരുൾപ്പെടെ കണ്ടാലറിയാവുന്ന150 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് മലയിൻകീഴ് എസ്.ഐ സൈജു അറിയിച്ചു.20ന് ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരം ദുരന്തനിവാരണ നിയമമനുസരിച്ചാണ് കേസ്.എന്നാൽ ആരവങ്ങളും ആഘോഷങ്ങളും ഒഴിവാക്കി ആറാട്ട് നടത്താനാണ് ക്ഷേത്രോപദേശക സമിതി നിശ്ചയിച്ചിരുന്നത്. ഉത്സവത്തിന് കൊടിയേറിയതു മുതൽ സ്റ്റേജ് പരിപാടികൾ ഒഴിവാക്കി ക്ഷേത്രച്ചടങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. ആറാട്ട് ദിവസവും രാവിലെ മുതൽ ആറാട്ടിന് പൊതുജനങ്ങൾ പങ്കെടുക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് തുടർച്ചയായി നൽകിയിരുന്നെങ്കിലും ആറാട്ട് എഴുന്നള്ളത്ത് ആരംഭിച്ച ക്ഷേത്ര സന്നിധിയിൽ നിരവധി പേർ എത്തിയിരുന്നു.ആറാട്ട് അകമ്പടിക്ക് ക്ഷേത്ര ഭാരവാഹികളും ക്ഷേത്രജീവനക്കാരുമൊഴികെ ആരും പങ്കെടുക്കരുതെന്ന് അപ്പോഴും അറിയിപ്പ് നൽകിയെങ്കിലും ആറാട്ട് എഴുന്നള്ളത്ത് മലയിൻകീഴ് ജംഗ്ഷനിലെത്തിയപ്പോഴേക്കും ആൾക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു. പൊലീസും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ആൾക്കൂട്ടത്തെ ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.