തിരുവനന്തപുരം:ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോൾ നാലുപേരെ പുതുതായി ആശുപത്രി നിരീക്ഷണത്തിലാക്കി. ഇന്ന് നൽകിയ 54 സാമ്പിൾ അടക്കം 194 സാമ്പിളുകളുടെ പരിശോധനാഫലമാണ് ലഭിക്കാനുള്ളത്. ജില്ലയിൽ പുതുതായി 508 പേരെ കൂടി നിരീക്ഷണത്തിലാക്കി. 4136 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുമുണ്ട്. ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, നെടുമങ്ങാട് താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി, കിംസ് ആശുപത്രി, എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളിലാണ് കൊറോണ സംശയിക്കുന്നവർ നിരീക്ഷണത്തിലുള്ളത്. നേരെത്തെ പോസിറ്റീവായ നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. അവരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്ത് അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതയോടെ മെഡിക്കൽ സംഘം
വിദേശത്തുനിന്നു വരുന്നവരിൽ കൊറോണ കൂടുതലായി കണ്ടെത്തുന്നതിനാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌ക്രീനിംഗിനായി 35 അംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്. വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാരെയും സ്‌ക്രീനിംഗിനുശേഷം മാത്രമാണ് എയർപോർട്ടിന് പുറത്തെത്തിക്കുന്നത്. ഇന്നലെ രാവിലെ എട്ടുമണി വരെ 11 വിമാനങ്ങളിൽ നിന്നായി 1401 അന്താരാഷ്ട്ര യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.
യു.എ.ഇ 6 ,സിംഗപ്പൂർ 1, ഒമാൻ 2, ഖത്തർ 1, ഡൽഹി1 എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇത്.
ഇതിൽ നിന്നും രോഗ ലക്ഷണമുള്ള 18 പേരെ ഐസൊലേഷനിലാക്കി. ആറു പേരെ സംസ്ഥാന സർക്കാരിന്റെ സമേതിയിലേക്കും. 1377 യാത്രക്കാരെ വീടുകളിൽ കരുതൽ നിരീക്ഷണത്തിനായും അയച്ചു. യാത്രക്കാരെ മുഴുവൻ വിശദമായ പരിശോധനനയ്ക്ക് ശേഷമാണ് വീടുകളിലേക്ക് വീടുന്നത്. വീടുകളിലേക്ക് 28 ദിവസം കരുതൽ നിരീക്ഷണത്തിനായി അയയ്ക്കുന്നവർക്ക് നിരീക്ഷണ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസും മെഡിക്കൽ സംഘം നൽകുന്നുണ്ട്. വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ കഴിയുമെന്നും പൊതു ഗതാഗതം ഉപയോഗിക്കരുതെന്നുമുള്ള കർശന നിർദ്ദേശത്തോടെയാണ് ഇവരെ വീട്ടിലേക്ക് അയയ്ക്കുന്നത്.
വിമാനത്താവളത്തിൽ എത്തുന്നവർക്ക് താമസിക്കാൻ കെയർ ഹോം ഒരുക്കി ആരോഗ്യ വകുപ്പ്
പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ എത്തുന്നവരിൽ രോഗ സാദ്ധ്യതയുള്ളവരെ താമസിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കെയർ ഹോമുകൾ തുടങ്ങി. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരുടെ നിരീക്ഷണത്തിനായി വിവിധ ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നതിനാൽ ഇവർക്ക് ഹോം ക്വാറന്റൈനിൽ ഇരിക്കാൻ നിർദ്ദേശം നൽകുന്നുണ്ട്. വീടുകളിൽ ക്വാറന്റൈനിൽ ഇരിക്കാൻ സാഹചര്യമില്ലാത്തവരെ എല്ലാവിധ സംവിധാനങ്ങളോടും കൂടി കെയർ ഹോമുകളിൽ താമസിപ്പിക്കും.
176 പേരെ ഒരേ സമയം ക്വാറന്റൈൻ ചെയ്യാനുള്ള ക്രമീകരണങ്ങളാണ് വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ വേളിയിലുള്ള സമേതിയിലാണ് ഇത്തരക്കാരെ കൊണ്ടുവരുന്നത്. ഇതിനു പുറമേ പി.എം.ജിയിലെ ഐ.എം.ജി ഹോസ്റ്റൽ, വേളി യൂത്ത് ഹോസ്റ്റൽ, മൺവിള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.