corona-

ജനതയുടെ ആരോഗ്യസുരക്ഷയ്ക്കായി രാജ്യം ഇന്ന് കർഫ്യൂ ആചരിക്കുകയാണ്. കൊറോണ എന്ന മഹാമാരി സൃഷ്ടിച്ച ദുരന്തശങ്കയിൽ അകപ്പെട്ട് ലോകമാകെ അന്ധാളിച്ചുനിൽക്കെ, എങ്ങനെ രോഗവ്യാപനം തടയാമെന്ന് സമൂഹത്തെ ഓർമ്മിപ്പിക്കുകയാണ് ലക്ഷ്യം. ആരും നിർബന്ധിക്കാതെതന്നെ കർഫ്യൂവിൽ പങ്കാളികളാകാൻ സർവ മേഖലകളിലുമുള്ളവർ മുന്നോട്ടുവന്നുകഴിഞ്ഞു. ആരും ഒറ്റയ്ക്കല്ലെന്നും രാജ്യം ഒന്നടങ്കം ഒപ്പമുണ്ടെന്നും ബോദ്ധ്യപ്പെടുത്താൻ ഇതിലും മഹത്തായ ഒരു മാതൃക സൃഷ്ടിക്കാനാവില്ല. അവശ്യസേവന മേഖലകളിൽ പ്രവർത്തിക്കുന്നവരൊഴികെ മറ്റെല്ലാവരും സ്വന്തം വീടുകളിൽ കഴിയണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണ് ഒരുമയുടെ ഈ വിളംബരം. രാഷ്ട്രീയഭിന്നത മറന്ന് എല്ലാ സംസ്ഥാനങ്ങളും പിന്തുണയുമായി എത്തിയതോട കർഫ്യൂ മഹാവിജയമാകുമെന്ന് ഉറപ്പായിട്ടുണ്ട്.

186 രാജ്യങ്ങളിൽ കൊറോണ എത്തിക്കഴിഞ്ഞു. മൂന്നുലക്ഷത്തോളം പേർ രോഗം പിടിപെട്ട് ചികിത്സയിലാണ്. ചൈനയിൽ ഉടലെടുത്ത അപരിചിതവും അസാധാരണവുമായ ഈ വൈറസ് രോഗം ക്രമേണ ലോകമൊട്ടാകെ പകരുകയായിരുന്നു. ഏറെ പുരോഗതി കൈവരിച്ച രാജ്യങ്ങളെ പോലും നടുക്കുമാറ് കൊറോണ താണ്ഡവമാടുകയാണ്. മരണസംഖ്യയിൽ ചൈനയെ മറികടന്നിരിക്കുകയാണ് വികസിതരാജ്യമെന്ന് കരുതപ്പെടുന്ന ഇറ്റലി. സ്‌പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം കൊറോണഭീതിയിൽ വിറകൊള്ളുകയാണ്.

ഡോക്ടർമാരും നഴ്സുമാരും അടക്കം ആരോഗ്യപരിപാലന രംഗത്തെ സർവ്വപേരുടെയും സ്തുത്യർഹമായ സേവനം മൂലം രോഗവ്യാപനത്തിന് മൂക്കുകയറിടാൻ നമുക്ക് സാധിച്ചിട്ടുണ്ട്. വശേഷിച്ച്, പ്രവാസികൾ ധാരാളമുള്ള കേരളത്തിൽ. എങ്കിലും രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന ആശങ്ക ഉളവാക്കുന്നു. 19 സംസ്ഥാനങ്ങളിൽ രോഗം എത്തിക്കഴിഞ്ഞു. രോഗവ്യാപനം അപകടകരമായ ഘട്ടത്തലേക്കു കടക്കുന്നത് തടയാനുള്ള തീവ്രശ്രമമാണ് രാജ്യത്തൊട്ടാകെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിന് അനിവാര്യമായി വേണ്ടത് ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണമാണ്. രാജ്യത്തൊട്ടാകെ ഗതാഗത രംഗത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്നുമുതൽ ഒരാഴ്ചത്തേക്ക് പൂർണമായും നിറുത്തലാക്കിയിരിക്കുകയാണ്. അപരിചിതമായ ഇത്തരം നിയന്ത്രണങ്ങൾ ജനങ്ങൾക്ക് ഏറെ അസൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോൾ ഇതൊന്നും വലിയ കാര്യമല്ല. തുറിച്ചുനോക്കി നിൽക്കുന്ന അകാലമരണത്തെ എങ്ങനെയും തടയുകയാണ് പരമപ്രധാനം. മാരകമായ ഒരു വിപത്തിനെ ചങ്ങലയ്ക്കിടാൻ എന്ത് വില നൽകിയാലും അത് അധികമാവില്ല.

ദീർഘവീക്ഷണത്തോടെയും കാര്യക്ഷമതയോടെയും കൊറോണയെ നേരിടുന്നതിൽ ലോകത്തിനുതന്നെ ഒരു മാതൃകയായി മാറിയ കേരളത്തിന്റെ ധാവള്യത്തിന് കളങ്കം ചാർത്തിയ സംഭവമാണ് കാസർകോട്ടുണ്ടായത്. രോഗവുമായി വദേശത്തു നിന്നെത്തിയ ഒരാൾ നാടെങ്ങും ഓടിനടന്ന് അനവധി ആളുകളെ രോഗത്തിന്റെ വക്കലേക്ക് തള്ളിവിട്ടു. അതും, ഇറ്റലിയിൽ നിന്ന് റാന്നിയിൽ എത്തിയ മൂന്നംഗകുടുംബം സൃഷ്ടിച്ച വിന കയ്‌പേറിയ ഒരു പാഠമായി മുന്നിൽ നിൽക്കുമ്പോൾ! രോഗബാധിതയായ ഒരു പ്രസിദ്ധ ഗായികയുടെ പരിപാടിയിൽ പങ്കെടുത്തതിനെത്തുടർന്ന് രാഷ്ട്രപതിയും 96 എം.പിമാരും കഷ്ടത്തിലായിരിക്കുകയാണ്. ഇവർക്കൊക്കെ വീടുകളിൽ രണ്ടാഴ്ചക്കാലം നിരീക്ഷണത്തിൽ തുടരേണ്ടിവരും.

പൗരബോധം ലവലേശമില്ലാത്ത പ്രവാസിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിമൂലം കാസർകോട്ട് അതികർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. സർക്കാർ ഓഫീസുകൾ ഒരാഴ്ചത്തേക്ക് അടച്ചുകഴിഞ്ഞു. കടകൾ തുറക്കുന്നതിനുപോലുമുണ്ട് നിയന്ത്രണം. എല്ലാ ആരാധനാലയങ്ങളും ഈ കാലയളവിൽ പൂർണമായും അടച്ചിടും. പൊതുഗതാഗത സംവിധാനങ്ങളും ഉണ്ടാവില്ല. ഒരാൾ കാട്ടിയ അവിവേകത്തിന് സമൂഹം ഒന്നാകെ പിഴ മൂളേണ്ട സ്ഥിതിയാണ്.

ഒരു വിവരദോഷി മതി, എവിടെയും ഈ സ്ഥിതി സൃഷ്ടിക്കാൻ. ഹർത്താൽ ആചരിച്ചാലോ കൈകഴുകിയാലോ രോഗപ്രതിരോധം സാദ്ധ്യമാവില്ലെന്ന വിതണ്ഡവാദം ഉന്നയിക്കുന്നവരും പ്രാർത്ഥന വഴി രോഗം സുഖപ്പെടുത്താമെന്നു കരുതുന്നവരുമൊക്കെ സമൂഹത്തിലുണ്ട്. ഇവരെയൊക്കെ ഈ ഘട്ടത്തിൽ സമൂഹത്തിന്റെ ശത്രുക്കളായേ കരുതാനാകൂ. രോഗപ്രതിരോധ നടപടികൾ ലംഘിക്കാൻ മുതിരുന്നവരെ കർക്കശമായി നേരിടുകയല്ലാതെ വേറെ വഴിയില്ല.

സംസ്ഥാന സർക്കാർ ശ്ലാഘനീയമാം വിധം ആവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ആശങ്കയുടെ മുൾമുനയിൽ തന്നെയാണ് കേരളവും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുവേണം നമ്മുടെ പെരുമാറ്റവും ജീവിതചര്യകളും. സാമൂഹികമായി അകലം പാലിക്കുന്നത് പ്രതിരോധമരുന്നിന്റെ ഫലമാണ് ലഭ്യമാക്കുക. ഈ പശ്ചാത്തലത്തിൽ വേണം ഒരുമയുടെയും സഹകരണത്തിന്റെയും ഒരു മഹാപ്രതീകമായി മാറാൻ പോകുന്ന ഇന്നത്തെ ജനതാ കർഫ്യൂവിനെ കാണാൻ.


ദീപുരവി

ചീഫ് എഡിറ്റർ