തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്ന കൊറോണ മൂന്നു ജില്ലകളിൽ12 പേർക്ക് കൂടി സ്ഥിരീകരിച്ചു. കാസർകോട് - ആറ്, കണ്ണൂർ - മൂന്ന് എറണാകുളം - മൂന്ന്. എല്ലാവരും വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാസർകോട്ടെ അഞ്ചുപേർ ജില്ലാ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളേജിലും കണ്ണൂരിലെ രണ്ടുപേർ തലശേരി ജില്ലാ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്ത് മൂന്നുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കാസർകോട്ട് വൈറസ് ബാധിച്ചവർ നിലവിൽ ചികിത്സയിലുള്ള ആളുമായി ബന്ധമുള്ളവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മൊത്തം 49 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നത്. ആദ്യഘട്ടത്തിലെ മൂന്നുപേർ രോഗമുക്തി നേടിയിരുന്നു. 53,013 പേർ നിരീക്ഷണത്തിലാണ്. 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലും. ഇന്നലെ 70 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. 3716 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 2566 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.

കാസർകോട് ദുരൂഹത

ചികിത്സയിലുള്ള കാസർകോട് സ്വദേശിയുടെ കാര്യങ്ങൾ ദുരൂഹമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ഇയാൾ നിസഹകരിക്കുകയാണ്. ഇതേ കുറിച്ച് കൂടുതൽ അന്വേഷണം വേണം. ഇയാളുടെ നിരുത്തരവാദിത്വത്തിന്റെ ഫലമാണ് ജില്ലയിൽ അനുഭവിക്കുന്നന്നത്.