pinarayi-vijayn-

തിരുവനന്തപുരം : കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ചിലർ തയ്യാറാകുന്നില്ലെന്നും ഇപ്പോഴും നേരം വെളുക്കാത്തവർക്ക് നേരെ കർശനപടികൾ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. തങ്ങളെ ഒന്നും ബാധിക്കില്ലെന്ന് കരുതുന്നവർക്കെതിരെ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കും. ജില്ലകളിൽ എസ്.പിമാർക്കാണ് ചുമതല. ക്രമസമാധാന ചുമതലയില്ലാത്ത എസ്.പിമാരെയും ഇതിന് നിയോഗിക്കും. ക്രമസമാധാന പ്രശ്നങ്ങൾ പോലെ പൊലീസ് ഇതിലും ഇടപെടും. മഹാമാരിയിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ അനുവദിക്കില്ല. കൊറോണ പരിശോധന വിപുലമാക്കും. പി.സി.ആർ സാങ്കേതിക വിദ്യയുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സഹകരിപ്പിക്കും. ദീർഘദൂര ബസ് യാത്രകൾ ഒഴിവാക്കണം. കടകൾ അടയ്‌ക്കുന്നു, സാധനങ്ങൾ കിട്ടാനില്ല എന്ന പ്രചാരണം ശരിയല്ല. സാധാരണക്കാരന്റെ ജീവിതത്തിന് ദോഷകരമല്ലാത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. സാധനങ്ങൾ വീടുകളിലെത്തിക്കാൻ വ്യാപാരികൾ ഹോം ഡെലിവറി കാര്യക്ഷമമാക്കണം. ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ വ്യാപാരികളുടെ യോഗം തിങ്കളാഴ്ച ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. .

ആരാധനാലയങ്ങളിൽ നിയന്ത്രണം

ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയായി മുഖ്യമന്ത്രി പറഞ്ഞു. മുസീം പള്ളികൾ പലതും കൂട്ട പ്രാർത്ഥന ഒഴിവാക്കി ബോർഡ് സ്ഥാപിച്ചു.

ക്രൈസ്തവ ദേവാലയങ്ങൾ കുർബാന, കുമ്പസാരം, കൈമുത്തൽ, ധ്യാനം, കുടുംബയോഗം തുടങ്ങിയ ഒഴിവാക്കി.സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ സർക്കുലർ ഇറക്കി. തലശേരി ആർച്ച് ബിഷപ്പ്, എറണാകുളം - അങ്കമാലി മേജർ ആർച്ച് ബിഷപ്പ്, യാക്കോബായ, സുറിയാനി സഭ, എന്നിവർക്കും അനുകൂല സമീപനമാണ്. പരുമല പള്ളിയിൽ തീർത്ഥാടനം നിറുത്തി. പെന്തകോസ്തു വിശ്വാസികളുടെ പ്രാർത്ഥന വീടുകളിൽ മാത്രമാക്കി.

ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല

ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ ഈ മാസം 31വരെ ഭക്തരെ പൂർണമായും വിലക്കി. ആന എഴുന്നള്ളത്തുകൾ ഉണ്ടാകില്ല. ഗുരുവായൂർ, കാടാമ്പുഴ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല. കൊടുങ്ങല്ലൂർ ഭരണിക്ക് ആളുകൾ എത്തരുതെന്ന് വലിയതമ്പുരാൻ അഭ്യർത്ഥിച്ചു. ശബരിമലയിൽ 28ന് നടതുറക്കും. ഭക്തർക്ക് പ്രവേശനമില്ല. ഏപ്രിൽ 8ന് നടക്കുന്ന ആറാട്ടിലും ഭക്തരെ പങ്കെടുപ്പിക്കില്ല. ശ്രീപദ്മനാഭസ്വാമിക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, പാങ്ങോട് ഹനുമാൻ ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലും ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.