dead-body

പൂവാർ: വിദേശത്തുനിന്നെത്തി വീട്ടിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. പൂവാർ കല്ലിംഗവിളാകം വലിയവിള വൃന്ദാ ഭവനിൽ ഗോപിയാണ് (58) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പുതിയതായി പണികഴിപ്പിക്കുന്ന വീടിന്റെ രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങി വരുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിലായിരുന്ന ഗോപി ഇക്കഴിഞ്ഞ 10നാണ് നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൊറോണ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എങ്കിലും 14 ദിവസം വീട്ടിൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് പൂവാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സലീലഷാജു പറഞ്ഞു. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.അതിന് ശേഷമേ മരണകാരണം അറിയാനാകൂ. പൂവാർ പൊലീസ് കേസെടുത്തു.