തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും രക്ഷപ്പെട്ടയാളെ ഒരു മണിക്കൂറിന് ശേഷം തമ്പാനൂർ ബസ് സ്‌റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടി. ബാലരാമപുരം ഊരുട്ടമ്പലം സ്വദേശിയാണ് ഇന്നലെ വൈകിട്ട് 5.45ഓടെ മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ടത്. നിരീക്ഷണത്തിലായിരുന്ന ഇയാൾ പുറത്തേക്ക് പോകുന്നത് കണ്ട് ആശുപത്രി അധികൃതർ പിന്നാലെയെത്തിയെങ്കിലും മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ പട്ടം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടന്നുള്ള അന്വേഷണത്തിലാണ് ബസ് സ്റ്റാൻഡിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളെ ആംബുലൻസിൽ തിരികെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇയാൾ സഞ്ചരിച്ച ബസ് കണ്ടെത്തി അണുവിമുക്തമാക്കി. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ കൈകകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകിയശേഷം മറ്റൊരു ബസിൽ വീട്ടിലേക്ക് മടക്കിയച്ചു.