thiruvananthapuram-intern

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശന പരിശോധന നടപ്പിലാക്കി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളം. വിവിധ ഭാഗങ്ങളിൽ നിന്ന് വിമാനത്തിൽ ഇവിടെ എത്തുന്ന മുഴുവൻ പേരെയും സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ജനുവരി 31 ന് ആരംഭിച്ച നിരീക്ഷണവും പരിശോധനയും കൂടുതൽ കർശനമാക്കിയത് മാർച്ച് 13 മുതലാണ്. മുഴുവൻ യാത്രക്കാരെയും തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ജനുവരി 31 മുതൽ മാർച്ച് 21 ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്കനുസരിച്ച് വിദേശീയരുൾപ്പെടെ 3,479 പേരെസ്‌ക്രീൻ ചെയ്തു. 19 പേരെ വിദഗ്ദ്ധ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് റെഫർ ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാർ ഹെൽത്ത് സർവീസിലെ ഡോക്ടർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റാഫ്,സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്,കേരള പൊലീസ് എന്നിവരടങ്ങുന്ന സംഘം രാവിലെ 7 മുതൽ രാത്രി അവസാന വിമാനം കണ്ണൂരിൽ നിന്നെത്തുന്നതുവരെ ഇവിടെ കർമ്മനിരതരാണ്. യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് റിപ്പോർട്ടിംഗ് ഫോം, ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടുള്ളവർ പൂരിപ്പിക്കേണ്ട സമ്മതപത്രം എന്നിവ ഹെല്പ് ഡെസ്‌ക് മുഖേന വിതരണം ചെയ്യുന്നു. ഇവ പൂരിപ്പിച്ച ശേഷം ഹെല്പ് ഡെസ്‌കിൽ തിരികെ ഏല്പിക്കണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് അനുയോജ്യമായ നടപടി ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്വീകരിച്ചു വരുന്നു. രോഗലക്ഷണങ്ങൾ ഉള്ളവരുടെ പേരും വിലാസവും ഇന്റഗ്രേറ്റഡ് ഡിസീസ് സർവെയ്ലൻസ് പ്രോഗ്രാമിൽ (ഐ.ഡി.എസ്.പി) റിപ്പോർട്ട് ചെയ്യും. വിദഗ്ദ്ധ പരിശോധ ആവശ്യമുള്ളവരെ '108' ആംബുലൻസിലും സ്വകാര്യ ആംബുലൻസുകളിലുമായാണ് ആശുപത്രിയിൽ എത്തിക്കുന്നത്. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി നിയോഗിക്കുന്ന ആംബുലൻസ് ജീവനക്കാർ വ്യക്തിഗത പരിരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.

ഇതുവരെ സ്ക്രീനിഗിന് വിധേയമാക്കിയത് -3,479 പേരെ

19 പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി റഫർ ചെയ്തു

പരിശോധന കർശനം

മുഴുവൻ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കും

ഫ്ളാഷ് തെർമോമീറ്റർ ഉപയോഗിച്ചാണ് യാത്രക്കാരെ പരിശോധിക്കുന്നത്

 യാത്രക്കാർ എത്തിച്ചേരുന്ന ഭാഗത്ത് ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചിട്ടുണ്ട്

രണ്ട് ഹെല്പ് ഡെസ്‌കുകളും പ്രവർത്തിക്കുന്നുണ്ട്

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് അനുയോജ്യമായ നടപടി സ്വീകരിക്കുന്നുണ്ട്

വിദഗ്ദ്ധ പരിശോധ ആവശ്യമുള്ളവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കും