നാഗർകോവിൽ: കേന്ദ്രസർക്കാർ നിർദേശമായ ജനതാ കർഫ്യൂവിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിൽ ജനങ്ങൾ ആരും തന്നെ വീടിന് പുറത്തിറങ്ങിയില്ല. തമിഴ്നാട്ടിൽ ഇന്ന് രാവിലെ 5 വരെ തുടരാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കടകമ്പോളങ്ങളും മെഡിക്കൽ ഷോപ്പുകളും എല്ലാം അടഞ്ഞുകിടന്നു. എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന നാഗർകോവിൽ, മാർത്തണ്ഡം, കളിയിക്കാവിള ദേശീയപാത വിജനമായിരുന്നു. ട്രെയിൻ, ട്രാൻസ്പോർട്ട് ബസ് സർവീസുകൾ സ്വകാര്യവാഹനങ്ങൾ ഒന്നും തന്നെ പ്രവർത്തിച്ചില്ല. ജില്ലയിലെ 32 പൊലീസ് ചെക്പോസ്റ്റുകളും അടച്ചിട്ടു. ജനം പുറത്തിറങ്ങാതിരിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൊതു സ്ഥലങ്ങളിൽ കീടനാശിനി തളിച്ചു.
എന്നാൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് നഗർകോവിലിലേക്ക് വന്ന സ്വകാര്യ വാഹനങ്ങളെ കളിയിക്കാവിള ചെക്‌പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടഞ്ഞു നിർത്തി യാത്രക്കാരെ പരിശോധിച്ച ശേഷം തിരിച്ച് വാഹങ്ങൾ കേരളത്തലേക്ക് തിരിച്ചയച്ചു..