വെഞ്ഞാറമൂട് വാമനപുരം നിയോജകമണ്ഡലത്തിൽ ജനതാ കർഫ്യൂ പൂർണമായിരുന്നു. വെെറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ മാർഗമായി ജനതാ കർഫ്യൂ മാറിയപ്പോൾ മണ്ഡലത്തിലെ ഓരോ പൗരനും സ്വമേധയാ കർഫൃു ഏറ്റെടുക്കുകയായിരുന്നു.
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പാലോട്, കല്ലറ, വാമനപുരം, കനൃാകുളങ്ങര ആശുപത്രികളെയും പ്രെെമറി ഹെൽത്ത് സെന്റുകളെയും ഏകോപിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റുമാർ, ഡോക്ടർ, ആരോഗൃപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്ന് ആവശൃമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ ബ്ലോക്ക് പഞ്ചായത്ത് സജ്ജമാണെന്നും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ അറിയിച്ചു.
വാമനപുരം നിയോജക മണ്ഡലത്തിൽ 500 ഓളം പേർ വീടുകളിൽ ആരോഗൃ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്. എല്ലാ പഞ്ചായത്തുകളിലും ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന് വാർഡ് അടിസ്ഥാനത്തിൽ 10 പേരടങ്ങുന്ന ആരോഗ്യ കർമ്മസേന രൂപീകരിച്ച് പ്രതിരോധ പ്രവർത്തനം വിപുലപ്പെടുത്തിയിട്ടുണ്ട്. വാമനപുരം നിയോജകമണ്ഡലത്തിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗ വ്യാപനം തടയുന്നതിൽ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും വാമനപുരം എം.എൽ.എ ഡി.കെ. മുരളി അറിയിച്ചു.