നെയ്യാറ്റിൻകര: കൊറോണ വൈറസ് വ്യാപനത്തിനെതിരെ കൈകൾ കഴുകാൻ ആവശ്യപ്പെടുമ്പോഴും നെയ്യാറ്റിൻകര ടൗണിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് മൂന്നു ദിവസമായി. വെള്ളിയാഴ്ച ഉച്ചയോടെ മുടങ്ങിയ ശുദ്ധജല വിതരണം ഞായറാഴ്ച അർദ്ധരാത്രി വരേയും പുനഃസ്ഥാപിച്ചിട്ടില്ല. കുളിക്കാനും കുടിക്കാനും പോലും വെള്ളമില്ലാതെ ടൗൺനിവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ നന്നേ കുഴഞ്ഞു. പൊതു ടാപ്പുകളിൽ പോലും ജല വിതരണം ഇല്ലായിരുന്നു. ജലവിതരണം ഉണ്ടാകില്ലെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും മൂന്ന് ദിവസം ഉണ്ടാകില്ലെന്ന് അറിയിക്കാത്തതിനാൽ ജലം മുൻകൂട്ടി ശേഖരിക്കുവാനുമായില്ല. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരുമാണ് ഏറെ ദുരിതത്തിലായത്. വാട്ടർ ടാങ്കുകൾ ശുചീകരിക്കുന്നതിനാൽ ജല വിതരണം മുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും തൊഴുക്കലിലെ പമ്പിംഗ് കുഴലുകളിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി ജല വിതരണം നിറുത്തി വയ്ക്കുകായായിരുന്നതായി വാട്ടർ അതോറിട്ടി ജീവനക്കാർ പറയുന്നു.

കൊറോണ വൈറസ് ബാധ തടയുവാനായി പൊതു സ്ഥലങ്ങളിൽ ശുദ്ധജല ടാപ്പുകൾ സ്ഥാപിച്ച് അവിടെ സോപ്പുകൾ വച്ചിട്ടുണ്ടെങ്കിലും പൊതുടാങ്കിൽ ജലമില്ലാത്തത് കാരണം വഴിയാത്രക്കാരും നന്നേ ബുദ്ധിമുട്ടി.