fff

നെയ്യാറ്റിൻകര :കൊറോണ വ്യാപനത്തെ തുടർന്ന് തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയിൽ ഇക്കൊല്ലത്തെ തീർത്ഥാടനം ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പ്രാർത്ഥനാ ദിനങ്ങൾക്ക് തുടക്കമായി.കുരിശുമല സംഗമവേദിയിൽ ജ്ഞാനദീപം തെളിയിച്ച് 168 മണിക്കുർ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു.തീർഥാടന നാളുകളിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് വേണ്ടിയും ലോക സമാധാനത്തിനുമായി പ്രത്യേകം പ്രാർത്ഥനകൾ നടക്കും.ജ്ഞാന ദീപം കുരിശുമല ഡയറക്ടർ മോൺ.വിൻസെന്റ് കെ.പീറ്റർ തെളിച്ചു.കെറോണ ജാഗ്രത ഉളളതിനാൽ ചുരുക്കം ചില കമ്മറ്റി അംഗങ്ങളെമാത്രം പങ്കെടുപ്പിച്ചാണ് പ്രാർത്ഥനാ യജ്ഞത്തിന് തുടക്കം കുറിച്ചത്.ലോകത്തിന്റെ 4 ദിക്കുകളെ പ്രതിനിധീകരിച്ച് 4 പേർ ദീപങ്ങൾ ഏറ്റുവാങ്ങി.ഇന്നലെ ആരംഭിക്കേണ്ട തീർത്ഥാടനം പൂർണമായും ഒഴിവാക്കിയാണ് കുരിശുമല തീർത്ഥാടന കേന്ദ്രം മാതൃകാ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.കൊറോണക്കെതിരെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ അറിയിച്ച തീർത്ഥാടകേന്ദ്രം,ബ്രേക്ക് ദ ചെയിൻ പദ്ധതിയുമായി പൂർണമായി സഹകരിക്കുമെന്നറിയിച്ചു.