corona-virus

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് നടപ്പാക്കുന്നത് എ, ബി, സി എന്നിങ്ങനെ മൂന്നു പദ്ധതികൾ.

പ്ലാൻ എ പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്. സാഹചര്യം മോശമായാൽ പ്ലാൻ ബിയിലേക്കും അതും മതിയാവാതെ വന്നാൽ സിയിലേക്കും കടക്കും.

ഓരോ പ്ലാനിലും നിഷ്കർഷിക്കുന്ന പ്രകാരം ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ സജ്ജമാക്കും. മരുന്നുകൾ, സുരക്ഷാ ഉപകരണങ്ങൾ, വെൻറിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കും.

പ്ലാൻ എ

# ജനുവരി 30ന് ചൈനയിലെ വുഹാനിൽ നിന്നും വന്ന വിദ്യാർത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ പ്ലാൻ എ നടപ്പിലാക്കിത്തുടങ്ങി.

# 50 സർക്കാർ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 52 സ്ഥാപനങ്ങൾ സജ്ജമാക്കി.

# 974 ഐസൊലേഷൻ കിടക്കകൾ സജ്ജമാക്കുകയും 242 ഐസൊലേഷൻ കിടക്കകൾ മുൻകരുതലായി കണ്ടെത്തുകയും ചെയ്തു.

# വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതെ തടയുന്നതിൽ ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.

പ്ലാൻ ബി

# 71 സർക്കാർ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 126 സ്ഥാപനങ്ങൾ

# 1408 ഐസൊലേഷൻ കിടക്കകൾ സജ്ജം. മുൻകരുതലായി 17 ഐസൊലേഷൻ കിടക്കകൾ

# പ്ലാൻ എയിൽ 1000ത്തോളം ഐസൊലേഷൻ കിടക്കകളുള്ളതിനാലും നിലവിൽ അത്രത്തോളം രോഗികളില്ലാത്തതിനാലും പ്ലാൻ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.

പ്ലാൻ സി

# ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പർക്കം പുലർത്തിയ അടുത്ത രണ്ട് ബന്ധുക്കൾക്കും മാർച്ച് 8 ന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് പ്ലാൻ സി തയ്യാറാക്കിയത്.

# വലിയ തോതിൽ സാമൂഹ്യ വ്യാപനമുണ്ടായാൽ പ്ലാൻ സിയിലേക്ക് കടക്കും.

# സർക്കാർ - സ്വകാര്യ ആശുപത്രികളുടെ പൂർണ സഹകരണം.

# അത്യാവശ്യമില്ലാത്ത വിഭാഗങ്ങൾ ഒഴിപ്പിച്ച് ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ എണ്ണം പരമാവധി കുറയ്ക്കും.

# 81 സർക്കാർ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷൻ കിടക്കകൾ കണ്ടെത്തിയിട്ടുണ്ട്.

# 147 കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. 21,866 പേരെ ഒരേസമയം പാർപ്പിക്കാനാകും.

' ആരോഗ്യവകുപ്പ് സുസജ്ജമാണ്. എല്ലാവരും ജാഗ്രതയോടെയിരിക്കണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.'

- മന്ത്രി കെ.കെ. ശൈലജ