കിളിമാനൂർ: സ്കൂളുകൾ അടച്ച് അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് തുരുമ്പിച്ച കളി ഉപകരണങ്ങളും, കാട്ടുപൊന്തയും, ഇഴജന്തുക്കളും, മദ്യപൻമാർ ഉപേക്ഷിച്ച മദ്യ കുപ്പികളും, കുപ്പിച്ചില്ലുകളും. പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ചിൽഡ്രൻസ് പാർക്കിന്റെ അവസ്ഥയാണിത്. കിളിമാനൂർ - ആറ്റിങ്ങൽ റോഡിന് സമീപത്തെ നെൽപാടങ്ങൾ പഴമകുന്നുമ്മൽ പഞ്ചായത്ത് വിലയ്ക്ക് വാങ്ങി കെ.എസ്.ടി.പിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പാത വികസനത്തിനായി ഇടിച്ചു നിരത്തിയ മണ്ണ് കൊണ്ട് നികത്തിയ പ്രദേശത്താണ് ചിൽഡ്രസ് പാർക്കും, പ്രൈവറ്റ് ബസ് സ്റ്റാൻഡും സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് മറ്റ് മൈതാനങ്ങളോ, കുട്ടികൾക്കുള്ള പാർക്കുകളോ ഇല്ലാതിരുന്ന സാഹചര്യത്തിൽ ഈ ചിൽഡ്രൻസ് പാർക്കിന്റെ വരവ് വളരെ പ്രതീക്ഷയോടെയാണ് കുട്ടികളും മുതിർന്നവരും കണ്ടത്. പാർക്കിനകത്ത് ഒരു കെട്ടിടവും ഒരു ഊഞ്ഞാലും, രണ്ട് ഇരുമ്പ് കളി ഉപകരണങ്ങളുമാണുള്ളത്. ലക്ഷങ്ങൾ മുടക്കി പണിത പാർക്കിൽ കുട്ടികൾക്ക് ആവശ്യത്തിന് കളി ഉപകരണങ്ങൾ പോലും ഇല്ല. ഉള്ള ഉപകരണങ്ങളാകട്ടെ സംരക്ഷിക്കാതെ നശിച്ചും പോകുന്നു. വിവിധ ആവശ്യങ്ങൾക്ക് കുട്ടികളുമായി പ്രദേശത്ത് എത്തുന്നവർക്ക് വിശ്രമിക്കുന്നതിനും വിനോദത്തിനുമായുള്ള ഈ സ്ഥലം പഞ്ചായത്തിന്റെ മറ്റ് വിവിധ പദ്ധതികളെ പോലെ സ്ഥാപിക്കുന്നതിലുള്ള ഉത്സാഹമേ ഉണ്ടായിരുന്നുള്ളു സംരക്ഷിക്കുന്നതിനില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. കാടും പടർപ്പും, ഇഴജന്തുക്കളുമായി കഴിയുന്ന പാർക്കിന് ഉടൻ ഉപയോഗ യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.